മലപ്പുറം: പ്രവാസി മലയാളികളുടെ ജീവകാരുണ്യ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി തങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും എളുപ്പവുമാക്കുന്നതിനായി പുതിയ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി. പ്രവാസ ജീവിതത്തിന് കരുത്തേകുന്ന വിപുലമായ ഡിജിറ്റല്‍ സംവിധാനങ്ങളാണ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്.
പാണക്കാട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയാണ് ആപ്പിന്റെ ലോഞ്ചിങ് നിര്‍വഹിച്ചത്. ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി കാരുണ്യ ഹസ്തം സുരക്ഷാ പദ്ധതിയില്‍ അംഗത്വമെടുത്ത് എല്ലാവരും കുടുംബത്തിന്റെ ഭാവി സുരക്ഷ ഉറപ്പാക്കണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
എംഎല്‍എ മാരായ പി. ഉബൈദുള്ള, യു.എ. ലത്തീഫ്, ടി.വി. ഇബ്രാഹീം, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സി.പി. ചെറിയ മുഹമ്മദ്, അഡ്വ. എം. ഉമ്മര്‍, ടി.ടി. ഇസ്മായില്‍, കെ.പി. മുഹമ്മദ് കുട്ടി, കുഞ്ഞിമോന് കാക്കിയ, അഷ്റഫ് വേങ്ങാട്, ഇസ്മായില്‍ മുണ്ടക്കുളം, ഷൗക്കത്ത് ഒഴുകൂര്‍, കൊല്ലി ഇബ്രാഹീം, ഇസ്മായില്‍ മൂത്തേടം, പി.എം. ജലീല്‍, ടി.പി.എം. ബഷീര്‍, കെ.എം. ഖലീല്‍, മജീദ് അരിമ്പ്ര, ബഷീര്‍ തെക്കന്‍, മജീദ് പുകയൂര്‍, അബൂബക്കര്‍ മാസ്റ്റര്‍ മായക്കര, കെ.സി. ശിഹാബ്, ബാപ്പു തുവ്വശ്ശേരി, റഷീദ് വരിക്കോടന്‍ എന്നിവര്‍ പങ്കെടുത്തു.
അംഗങ്ങള്‍ക്ക് തങ്ങളുടെ ഫാമിലി സെക്യൂരിറ്റി സ്കീം കാര്‍ഡ് ആപ്പിലൂടെ എപ്പോഴും കാണാനും, നേരിട്ട് പ്രിന്റ് എടുക്കാനും, പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാനും ഷെയര്‍ ചെയ്യാനും സാധിക്കും എന്നത് ഈ ആപ്പിന്റെ സവിശേഷതയാണ്. കെ.എം.സി.സിയുടെ ഏറ്റവും പുതിയ കാരുണ്യ പദ്ധതികളുടെ വിവരങ്ങളും നിലവിലെ സ്റ്റാറ്റസും ആപ്പ് വഴി തത്സമയം അറിയാം. മെമ്പര്‍ഷിപ്പ് പ്ലാനുകളും വരിസംഖ്യകളും ‘Subscription’ വഴി മാനേജ് ചെയ്യാനും സാധിക്കും. കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് സുരക്ഷിതമായി സഹായങ്ങള്‍ നല്‍കുന്നതിന് ‘Donate’ സൗകര്യവും ലഭ്യമാണ്.
സംഘടനയുടെ സുപ്രധാന തീരുമാനങ്ങള്‍, കരിയര്‍ മാര്‍ഗനിര്‍ദേശങ്ങള്‍, സാമൂഹിക-സാംസ്കാരിക പരിപാടികള്‍, ഔദ്യോഗിക അറിയിപ്പുകള് എന്നിവ അംഗങ്ങള്‍ക്ക് ‘Update’ വിഭാഗത്തിലൂടെ വേഗത്തില്‍ ലഭ്യമാകും. അംഗങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനും അപ്ഡേറ്റ് ചെയ്യാനും സാധിക്കും. കൂടാതെ ബൈലാ വിവരങ്ങളും നിര്‍ദേശങ്ങളും ആപ്പില്‍ ലഭ്യമാണ്.
തൊഴിലന്വേഷകരായ പ്രവാസികള്‍ക്കും മുന്‍ പ്രവാസികള്‍ക്കുമായി സൗദി അറേബ്യയിലും കേരളത്തിലും മികച്ച തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക ജോബ് പോര്‍ട്ടല്‍ ആപ്പില്‍ ഉടന്‍ സജ്ജമാകും. പുതിയ ജോലി തേടുന്നവര്‍ക്കും നിലവിലെ ജോലിയില്‍ നിന്ന് മികച്ച അവസരങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരസ്പരം സഹായിക്കാനും തൊഴില്‍ വിവരങ്ങള്‍ പങ്കുവെക്കാനുമുള്ള ഒരു കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമായി ഇത് ഉപയോഗിക്കാന്‍ സാധിക്കും.
ജിദ്ദ കെ.എം.സി.സി സുരക്ഷാ ക്യാമ്പയിന് ഇത്തവണ ഈ ആപ്പ് മുഖേനയാണ് നടക്കുന്നത്.
