റിയാദ്: 17 വർഷത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സോണി പാറക്കലിന് തൃശ്ശൂർ ജില്ലാ പ്രവാസി കൂട്ടായ്മ ഹൃദ്യമായ യാത്രയയപ്പ് നൽകി.
കൂട്ടായ്മയുടെ കേന്ദ്ര നിർവാഹസമിതി അംഗവും, അംഗങ്ങളുടെ പുനരധിവാസം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ സഹകരണ സംഘത്തിന്റെ കോർ കമ്മിറ്റി അംഗവുമായ സോണി പാറക്കലിനുള്ള യാത്രയയപ്പ് ചടങ്ങ് ബത്ഹയിലെ ലുഹാ ഓഡിറ്റോറിയത്തിൽ നടന്നു. കൂട്ടായ്മയുടെ പ്രസിഡന്റ് രാധാകൃഷ്ണൻ കളവൂർ അധ്യക്ഷത വഹിച്ചു.
കൂട്ടായ്മയ്ക്ക് സോണി പാറക്കൽ ഇതുവരെ നൽകിയ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് വിവിധ നേതാക്കളും പ്രവർത്തകരും ആശംസകൾ നേർന്നു. നാട്ടിലേക്ക് മടങ്ങുകയാണെങ്കിലും കൂട്ടായ്മയുടെ തൃശ്ശൂർ ഘടകവുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, കൂട്ടായ്മയുടെ ആത്യന്തിക ലക്ഷ്യമായ അംഗങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ നാട്ടിലും പ്രവാസകാലത്തെപ്പോലെ നിസ്തുലമായ സേവനം തുടരണമെന്ന് പ്രസംഗകർ അദ്ദേഹത്തോട് അഭ്യർഥിച്ചു.
കൂട്ടായ്മയുടെ സ്ഥാപക നേതാവ് സുധാകരൻ ചാവക്കാട് മൊമെന്റോ നൽകി സോണി പാറക്കലിനെ ആദരിച്ചു. കൂട്ടായ്മയുടെ ഉപഹാരം പ്രസിഡന്റ് രാധാകൃഷ്ണൻ കളവൂർ കൈമാറി. ബത്ഹ ഏരിയ കമ്മിറ്റിയുടെ ഉപഹാരം ഏരിയ കമ്മിറ്റി അംഗങ്ങൾ ചേർന്ന് സമ്മാനിച്ചു.

യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട് കൂട്ടായ്മയുടെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സോണറ്റ് കൊടകര, ബാബു നിസാർ, ബാബു രാമചന്ദ്രൻ, ജിജു വേലായുധൻ, സുധാകരൻ ചാവക്കാട്, മുൻ പ്രസിഡന്റ് റസാഖ് ചാവക്കാട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡേവിഡ് മാങ്ങൻ, കുമാർ കിള്ളിമംഗലം, ശശിധരൻ ചേലക്കര, നിർവാഹസമിതി അംഗങ്ങളായ ആൽബിൻ, രതീഷ്, ജവാദ് സൂക്മക്ക, ജോയ് കരുവന്നൂർ, രതീഷ് , ബാബു വർഗീസ് വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ജോസഫ് ബദിയ, ജമാൽ മലാസ്, ജോയ് ഔസേപ്പ് (ഓൾഡ് സനയ), പ്രകാശൻ സുലൈ, വിപിൻ, മുബാറക്, രമേഷ് കരുവന്നൂർ, ലോറൻസ് അറക്കൽ , നാസിം ജയരാജ് , ധൻരാജ് എന്നിവർ സംസാരിച്ചു.
കൂട്ടായ്മ നൽകിയ സ്നേഹോഷ്മളമായ യാത്രയയപ്പിന് സോണി പാറക്കൽ നന്ദി പറയുകയും, തുടർന്നും കൂട്ടായ്മയുടെ പ്രവർത്തനങ്ങളിൽ കഴിയാവുന്ന എല്ലാ സഹകരണവും അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.
ജനറൽ സെക്രട്ടറി സഗീർ അന്താറത്തറ സ്വാഗതവും ട്രഷറർ അനിൽ മാളിയേക്കൽ നന്ദിയും പറഞ്ഞു.
