ദമ്മാം: യൂത്ത് ഇന്ത്യ ഈസ്റ്റേൺ പ്രൊവിൻസിന്റെ നേതൃത്വത്തിൽ പ്രവിശ്യയിലെ യുവ സംരംഭകരെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച THRIVE 26 യൂത്ത് ബിസിനസ് കോൺക്ലേവ് പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി. മേഖലയിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും സംരംഭക രംഗത്ത് വിജയിക്കാൻ ആവശ്യമായ അറിവും നൈപുണ്യവും പകർന്നുനൽകുന്നതിനും വേദിയൊരുക്കിയ പരിപാടിയിൽ പ്രമുഖർ വിവിധ വിഷയങ്ങളിൽ സംവദിച്ചു.
പ്രൊവിൻസ് എക്സിക്യൂട്ടീവ് അംഗം ശാക്കിർ ഇല്യാസ് ഖുർആനിൽ നിന്നുള്ള സന്ദേശം അവതരിപ്പിച്ചു കൊണ്ട് ആരംഭിച്ച പരിപാടി യൂത്ത് ഇന്ത്യ പ്രസിഡന്റ് അയ്മൻ സഈദ് ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരനും പ്രോഫിറ്റ് സ്ട്രാറ്റജിസ്റ്റുമായ സുഹാസ് ചേപ്പലി ‘Beyond the Top Line’ The 5 Levers That Drive Your Profit’ എന്ന വിഷയത്തിൽ സംരംഭകരുമായി സംവദിച്ചു. വരുമാന വർധനവിനപ്പുറം ബിസിനസിന്റെ യഥാർഥ വളർച്ചയും ലാഭക്ഷമതയും എങ്ങനെ ഉറപ്പാക്കാം എന്നതിൽ ഊണിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. വിൽപ്പന വർധിപ്പിക്കുന്നതിനൊപ്പം ചെലവുകൾ നിയന്ത്രിക്കുക, ലാഭം മെച്ചപ്പെടുത്തുക, സാമ്പത്തിക കാര്യക്ഷമത ഉറപ്പാക്കുക, ദീർഘകാല ബിസിനസ് വളർച്ചയ്ക്കായി തന്ത്രപരമായ തീരുമാനങ്ങൾ കൈക്കൊള്ളുക തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
‘Win Any Market’ We’ve Integrated Everything Your Business Needs’ എന്ന വിഷയത്തിൽ Analytix സഹസ്ഥാപകൻ നിഷാദ് അബ്ദുറഹ്മാൻ സംസാരിച്ചു. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളിൽ വിജയകരമായി മുന്നേറുന്നതിനും കടുത്ത മത്സരങ്ങൾക്കിടയിൽ ബിസിനസിന് വ്യക്തമായ സ്ഥാനം കണ്ടെത്തുന്നതിനും ആവശ്യമായ തന്ത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിയുക, വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനരീതികൾ രൂപപ്പെടുത്തുക, നൂതന ആശയങ്ങളിലൂടെയും കൃത്യമായ ബിസിനസ് തീരുമാനങ്ങളിലൂടെയും മത്സരക്ഷമത വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
‘I Am Listening’ എന്ന വിഷയത്തിൽ ലൈഫ് കോച്ച് സഫയർ മുഹമ്മദ് സംവദിച്ചു. ഫലപ്രദമായ ആശയവിനിമയത്തിലും വ്യക്തിബന്ധങ്ങളിലും ശ്രദ്ധാപൂർവം കേൾക്കുന്നതിനുള്ള പ്രാധാന്യമാണ് അദ്ദേഹം അവതരിപ്പിച്ചത്. മറ്റുള്ളവരുടെ ആശയങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും വിശ്വാസപൂർണമായ ബന്ധങ്ങൾ വളർത്തുന്നതിനും സജീവമായ ശ്രവണം എങ്ങനെ സഹായിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. വ്യക്തിജീവിതത്തിലും ബിസിനസ് രംഗത്തും വിജയകരമായ ഇടപെടലുകൾക്ക് കേൾവിയുടെ കഴിവ് നിർണായകമാണെന്ന സന്ദേശവും അദ്ദേഹം പങ്കുവെച്ചു.
സംരംഭകർക്ക് ബിസിനസ് വളർച്ചയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും പ്രായോഗികമായ അറിവുകളും പകർന്നുനൽകിയ കോൺക്ലേവ് പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
THRIVE 26 പരിപാടിയുടെ സമാപനം പ്രോഗ്രാം കൺവീനർ അബൂബക്കർ നിർവഹിച്ചു. റയ്യാൻ മൂസ, ഉനൈസ്, ത്വയ്യിബ്, നുമാൻ, ഫഹ്മി,നവാഫ്, ബിനാൻ, ഉബൈദ് മനാട്ടിൽ,റയ്യാൻ റസൽ എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
