റിയാദ്: മിത്ര പത്തനംതിട്ട പ്രവാസി അസോസിയേഷനും വീ ആർ വൺ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന “മൈൻഡ്, ബോഡി & ബ്രീത്ത്” ചികിത്സാ യോഗ, പ്രാണായാമ, മാനസികാരോഗ്യ പരിശീലനം ഒക്ടോബർ 16 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മൻസൂറയിലെ അൽ മദീന ഹൈപ്പർമാർക്കറ്റിൽ നടക്കും.
യോഗ, ശ്വാസാഭ്യാസം, ധ്യാനം, മാനസികാരോഗ്യ പരിപാലനം എന്നിവയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പരിശീലനത്തിൽ ജീവിതശൈലി രോഗ നിയന്ത്രണം, മാനസിക സമ്മർദ്ദ ലഘൂകരണം, ഉത്കണ്ഠ കുറയ്ക്കൽ, ആന്തരിക സന്തുലിതാവസ്ഥ കൈവരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ മാർഗനിർദേശങ്ങൾ നൽകും.
ഡോ. അനുമോൾ എച്ച്. (BAMS, എം.എ. സൈക്കോളജി)യും ആർട്ട് ഓഫ് ലിവിങ്ങിലെ യോഗ മാസ്റ്റർ ട്രെയിനർ നൗഷാദ് ചിറ്റാറും പരിശീലനത്തിന് നേതൃത്വം നൽകും.
മിത്ര സെക്രട്ടറി രശ്മി കരുണ്‍, വീ ആർ വൺ ഫൗണ്ടേഷൻ ചെയർമാൻ സഞ്ജു അബ്ദുൽസലാം, പ്രസിഡന്റ് അൻവർ ഷാ, സെക്രട്ടറി സമദ് തൃശ്ശൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
12 മുതൽ 70 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാവുന്ന പരിശീലനത്തിൽ ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രായോഗിക സെഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അൽ മദീന ഹൈപ്പർമാർക്കറ്റിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വാട്സ്ആപ്പിൽ +966 59323 6604 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ആശംസകൾ അറിയിക്കാനോ പിന്തുണ നൽകാനോ +966 53786 4910 എന്ന നമ്പറിലും ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
