റിയാദ്: സ്വകാര്യ സന്ദർശനാർത്ഥം റിയാദിലെത്തിയ പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന് റിയാദ് കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി.
ബത്തയിലെ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ 9.30 ന് നടന്ന ‘A Special Morning with our MP’ എന്ന പരിപാടിയിൽ ജില്ലാ പ്രസിഡന്റ് മുസ്തഫ പൊന്നങ്കോട് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും കോൺഗ്രസും ഉൾപ്പെടെ യു.ഡി.എഫ് ഒറ്റ പാർട്ടിയെപ്പോലെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും, എക്കാലത്തെയും അപേക്ഷിച്ച് വലിയ ഐക്യത്തോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് 102 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിൽ എത്തിയതെന്നും എം.പി പറഞ്ഞു. ഇടതുപക്ഷ കോട്ടയെന്ന് പൊതുവെ പറയപ്പെട്ടിരുന്ന കോങ്ങാട് അടക്കം വലിയ വിജയം ഉണ്ടായത് ഒറ്റക്കെട്ടായുള്ള പ്രവർത്തനത്തിന്റെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാടിന്റെ വികസനത്തെ കുറിച്ച് സംസാരിക്കവെ, വ്യവസായ വകുപ്പിന്റെ കീഴിൽ വരാൻ പോകുന്ന കഞ്ചിക്കോട് വ്യവസായ ഇടനാഴി പാലക്കാടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിക്കുന്നതോടെ പാലക്കാട് ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന വ്യവസായ ഹബ്ബായി മാറും. ഇതിലൂടെ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് നാട്ടിൽ തന്നെ തൊഴിൽ ലഭിക്കും. പ്രവാസി മലയാളികൾക്ക് നാട്ടിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
ഇത്രയും വലിയ വിജയം സമ്മാനിച്ച ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഭരണം നടത്താൻ യു.ഡി.എഫ് സർക്കാർ സജ്ജമാണെന്നും, പ്രവാസികളെ ചേർത്ത് പിടിക്കുന്ന സർക്കാരായിരിക്കും ഇതെന്നും, പ്രവാസികളുടെ എല്ലാ വിഷയങ്ങളിലും കൃത്യമായ ഇടപെടലുകൾ നടത്താൻ സർക്കാർ ശ്രദ്ധിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

വനിത കെ.എം.സി.സി നേതാവ് റഹ്മത്ത് അഷ്റഫ്, മുസ്തഫ വേളൂർ, ഒ.ഐ.സി.സി നേതാക്കളായ സലീം കളങ്കര, മുഹമ്മദ് അലി മണ്ണാർക്കാട് എന്നിവർ ആശംസകൾ നേർന്നു. ജില്ലാ കെ.എം.സി.സിയുടെ ഉപഹാരം ജബ്ബാർ മേലേതിൽ എം.പിക്ക് നൽകി.പ്രവാസി മലയാളി ഫൗണ്ടേഷൻ നടത്തിയ പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എ.യു സിദ്ധീഖിന് കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം എം.പി നൽകി.
ജില്ലാ ഭാരവാഹികളായ ഫായിസ് കരിമ്പുഴ, ബാദുഷ ഷൊർണൂർ, പി.വി മൊയ്തീൻ കുട്ടി, ഷരീഫ് ചിറ്റൂർ, അബ്ദുൽ റഷീദ് തെങ്കര, മുനീർ പട്ടാമ്പി, യൂനുസ് മണ്ണാർക്കാട്, നിയാസ് പാലക്കാട്, സിയാദ് മണ്ണാർക്കാട്, ശിഹാബ് കുലുക്കല്ലൂർ തുടങ്ങിയവരും വിവിധ മണ്ഡലം നേതാക്കളും പരിപാടിക്ക് നേതൃത്വം നൽകി. വനിത കെഎംസിസി നേതാക്കളായ ജസീല മൂസ സബിത വാഴമ്പുറം പങ്കെടുത്തു. സിറാജ് മണ്ണൂർ ഖിറാഅത്ത് നടത്തി.
ജനറൽ സെക്രട്ടറി ഷബീർ കുളത്തൂർ സ്വാഗതവും ട്രഷറർ മുസ്തഫ വാഫി നന്ദിയും പറഞ്ഞു.
![]()
