റിയാദ്: തൊണ്ണൂറ്റി ആറാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് നാഷണൽ കെഎംസിസി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം പ്രവർത്തകർ രക്തം ദാനം ചെയ്തു. സുമേശി ജനറൽ ഹോസ്പ്പിറ്റലിലെ രക്തബാങ്കിൽ രാവിലെ എട്ട് മണിമുതൽ വൈകുന്നേരം നാല് മണി വരെ നടന്ന ക്യാമ്പിലാണ് കെഎംസിസി പ്രവർത്തകർ കൂട്ടത്തോടെ എത്തി രക്തദാനം നടത്തിയത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ രക്ത ബാങ്ക് ഡയറക്ടർ ഡോ. ഖാലിദ് ഇബ്രാഹിം സവാബിയും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫയും ചേർന്ന് കേക്ക് മുറിച്ചു.
ജോലി ആവശ്യാർത്ഥം സൗദി അറേബ്യയിലെത്തിയ കേരളീയ സമൂഹം ഈ നാടിനോട് കാണിക്കുന്ന സ്നേഹവും കൂറും അളവറ്റതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഡോ. ഖാലിദ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. ആത്മാർത്ഥതയും സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും വേണ്ടുവോളം കാണിക്കുന്ന കേരളത്തിൽ നിന്നുള്ള പ്രവാസികൾ എല്ലാവർക്കും മാതൃകയാണ്. പ്രത്യേകിച്ച് കെഎംസിസിയുടെ മാനവിക സ്നേഹം മുൻ നിർത്തിയുള്ള പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. സൗദി അറേബ്യയുടെ വളർച്ചയിലും ഉയർച്ചയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹം നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കുവാൻ കഴിയാത്തതാണ്. രക്തം ദാനം ചെയ്യുന്നതോട് കൂടി രോഗികളായ മനുഷ്യർക്ക് ലഭിക്കുന്ന ആശ്വാസം ചെറുതല്ലെന്നും തുടർന്നും ഇതുപോലുള്ള പ്രവർത്തങ്ങൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന് വേണ്ടി ശുമൈസി ജനറൽ ഹോസ്പിറ്റലിന്റെ ഭാഗമായ രക്ത ബാങ്കിന് ചെയ്യാൻ പറ്റാവുന്ന പരമാവധി സഹായങ്ങൾ ചെയ്ത് തരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പതിറ്റാണ്ടുകളായി സൗദിയിലുടനീളം കെഎംസിസി പ്രവർത്തകർ ഈ ദിനത്തിൽ രക്തം നൽകുന്നുണ്ടെന്നും ആയിരക്കണക്കിന് പ്രവർത്തകരാണ് ഈ ക്യാമ്പയിനിന്റെ ഭാഗമാവാറുള്ളതെന്നും ചടങ്ങിൽ അധ്യക്ഷത്ത വഹിച്ച സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ പറഞ്ഞു.
അത്യാഹിതം നേരിടേണ്ടി വന്ന് റിയാദിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്കാവശ്യമായ രക്തം സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് നൽകിവരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, സൗദി കെഎംസിസി സുരക്ഷ പദ്ധതി കോ – ഓഡിനേറ്റർ റഫീഖ് പാറക്കൽ, സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ, ചെയർമാൻ യു പി മുസ്തഫ, ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ക്യാമ്പിന്റെ ചുമതലയുള്ള കമ്മിറ്റി ഭാരവാഹികളായ റഫീഖ് മഞ്ചേരി, നജീബ് നല്ലാംങ്കണ്ടി, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ ജലീൽ തിരൂർ, ഷംസു പെരുമ്പട്ട, സിറാജ് മേടപ്പിൽ, ഷമീർ പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.
റിയാദ് കെഎംസിസി സെക്രട്ടറിയേറ്റംഗങ്ങളായ റസാഖ് വളക്കൈ, ഹനീഫ മൂർക്കനാട്, സിദ്ധീഖ് കോനാരി, ജില്ലാ കെഎംസിസി ഭാരവാഹികളായ ഷൗക്കത്ത് കടമ്പോട്ട്, സുഹൈൽ അമ്പലക്കണ്ടി, റാഷിദ് ദയ, അൻവർ വാരം, ഷാഫി സെഞ്ച്വറി ഷബീർ മണ്ണാർക്കാട്, നാസർ വടേരി, അസീസ് പനമരം, മുഹമ്മദ് കുട്ടി മുള്ളൂർക്കര, അൻഷാജ് കൈപ്പമംഗലം, അൽത്താഫ് കൊല്ലം, ഹർഷദ് തങ്ങൾ ചെട്ടിപ്പടി, യൂനുസ് നാണത്ത്, മെഹ്ബൂബ് കണ്ണൂർ, ഷറഫു പുളിക്കൽ, ഷറഫു മടവൂർ, ടി എ ബി അഷ്റഫ് പടന്ന, സുധീർ വയനാട്, സഈദ് കല്ലായി,ഷറഫു വള്ളിക്കുന്ന്, ഫിറോസ് വള്ളിക്കുന്ന്, അഷ്റഫ് വയനാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
![]()
