കോഴിക്കോട് : ഓണവും നബിദിനവും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ദിനങ്ങളാക്കി മാറ്റി ഗൾഫ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച കാരുണ്യ യാത്ര ശ്രദ്ധേയമായി. നന്മയുള്ള മനുഷ്യസ്നേഹികളുടെ സഹകരണത്തോടെ, കേരളത്തിലെ 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും ആദിവാസി മേഖലകളിലുമെത്തിയാണ് ജിഎം എഫ് പ്രവർത്തകർ സ്നേഹസമ്മാനങ്ങളും സഹായങ്ങളും നേരിട്ട് കൈമാറിയത്.
എല്ലാ വർഷത്തെയും പോലെ ഈ വർഷവും അർഹരായവരുടെ കൈകളിൽ നേരിട്ട് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഒറ്റപ്പെട്ടുപോയവർ, സംരക്ഷണമില്ലാതെ കഴിയുന്ന വയോജനങ്ങൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, ഭിന്നശേഷിക്കാർ, പരിചരണവും സ്നേഹവും ആവശ്യമുള്ള കുട്ടികൾ തുടങ്ങി നിരവധി പേരിലേക്ക് പ്രവർത്തകർ നേരിട്ടെത്തി.
സർക്കാർ സംവിധാനങ്ങളുടെയും വിവിധ സേവനകേന്ദ്രങ്ങളുടെയും സംരക്ഷണയിൽ കഴിയുന്നവരെയും പ്രവർത്തകർ സന്ദർശിച്ചു. ഏറെക്കാലമായി കുടുംബത്തിന്റെ സ്നേഹവും പരിചരണവും നഷ്ടപ്പെട്ടവരുടെ ജീവിതത്തിലേക്ക് ഒരു ദിനമെങ്കിലും സന്തോഷം പകരാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് പ്രവർത്തകർ.
ഗൾഫ് മലയാളി ഫെഡറേഷൻ ജി സി സി ചെയർമാൻ റാഫി പാങ്ങോട്, ജീവകാരുണ്യ കൺവീനർ നാസർ മാനു, കേരള സ്റ്റേറ്റ് കോഡിനേറ്റർ സലിം തൈക്കണ്ടി എന്നിവർ നേതൃത്വം നൽകി.
![]()
