തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രവാസി ക്ഷേമ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കരുത്തുറ്റ ഒരു നോർക്ക ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ രാജ്യങ്ങളെ ഉൾപ്പെടുത്തി ലോകത്ത് 12 മേഖലകളിലായി ‘ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകളും’ നാല് വിഷയാധിഷ്ഠിതമായ ‘ഹെൽപ്പ് ഡെസ്കുകളും’ രൂപീകരിക്കും.
കാനഡയിൽ വിജയകരമായി നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയുടെ തുടർച്ചയായാണ് കൂടുതൽ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. ജർമ്മനി, ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, വെസ്റ്റ് & നോർത്തേൺ ആഫ്രിക്ക, ഈസ്റ്റ് ആഫ്രിക്ക, സൗത്ത് & സെൻട്രൽ ആഫ്രിക്ക, നോർഡിക് രാജ്യങ്ങളായ ഡെന്മാർക്ക്, ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, ഈസ്റ്റ് ഏഷ്യ, ആസിയാൻ രാജ്യങ്ങൾ, ഈസ്റ്റേൺ യൂറോപ്പ് & റഷ്യ, ഇറ്റലി & മാൾട്ട, യുകെ & അയർലണ്ട് എന്നീ മേഖലകളിലാണ് കോ-ഓർഡിനേഷൻ കൗൺസിൽ രൂപീകരിക്കുക.
ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളുടെ സംയോജനത്തിനായി കോ-ഓർഡിനേഷൻ ഡെസ്ക്, സുരക്ഷിതമായ കുടിയേറ്റ ബോധവൽക്കരണത്തിനായി മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, നാടിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേരള ഡെവലപ്മെന്റ് ഡെസ്ക് എന്നിവയാണ് നാല് പ്രധാന ഹെൽപ്പ് ഡെസ്കുകൾ. പൂർണമായും സന്നദ്ധ പ്രവർത്തനമായാണ് കോ-ഓർഡിനേഷൻ കൗൺസിലും ഹെൽപ്പ് ഡെസ്ക്കുകളും പ്രവർത്തിക്കുക. അംഗീകൃത പ്രവാസി മലയാളി സംഘടനകൾ, സാമൂഹ്യ പ്രവർത്തകർ, ലോക കേരളസഭ അംഗങ്ങൾ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് നാമനിർദ്ദേശം നടത്താം. നോർക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദര്ശിച്ച് (www.norkaroots.kerala.gov.in) നാമനിർദ്ദേശങ്ങൾ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2770501 (ഓഫീസ് സമയത്ത് പ്രവൃത്തി ദിനങ്ങളിൾ), +91 94464 23339, നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
![]()
