മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, ബദർ അൽ സഫ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ 54-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഓഗസ്റ്റ് 21 വെള്ളിയാഴ്ച ബദർ അൽ സഫ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധി സാധാരണക്കാർ പങ്കെടുത്ത് സേവനം പ്രയോജനപ്പെടുത്തി.
ക്യാമ്പിന്റെ ഭാഗമായി സൗജന്യ രക്തപരിശോധനയും ഡോക്ടർ കൺസൾട്ടേഷനും ഉൾപ്പെടെയുള്ള വിവിധ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കി. പ്രവാസികൾ നേരിടുന്ന വിവിധ ശാരീരിക ബുദ്ധിമുട്ടുകൾ, സാധാരണയായി കണ്ടുവരുന്ന രോഗങ്ങൾ, ഇവയെ എങ്ങനെ നിയന്ത്രിക്കാം തുടങ്ങിയ വിഷയങ്ങളിൽ ഡോ. നെനെഹ് ഫെറെൻ ആരോഗ്യബോധവത്കരണ ക്ലാസ് നടത്തി.
തുടർന്ന് ബി.എൽ.എസ് ട്രെയിനർ ശ്രീ. അലിയുടെ നേതൃത്വത്തിൽ അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ (സി.പി.ആർ) എപ്പോൾ, എങ്ങനെ നൽകണം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടികളെക്കുറിച്ചും പങ്കെടുക്കുന്നവർക്ക് പ്രായോഗിക അറിവ് നൽകുന്നതായി ക്ലാസുകൾ മാറി.
ബദർ അൽ സഫ മെഡിക്കൽ സെന്റർ മാനേജർ സകീർ ഹുസൈൻ, അഡ്മിനിസ്ട്രേഷൻ മാനേജർ ലാൽ, മെഡിക്കൽ ഡയറക്ടർ ഡോ. കമൽ കണ്ണൻ, അഷ്ന, ജസീല, ജസ്ന, മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ ഫാസിൽ എന്നിവർ ക്യാമ്പിന്റെ നടത്തിപ്പിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന ഔദ്യോഗിക ചടങ്ങിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് ബദർ അൽ സഫ മെഡിക്കൽ സെന്റർ മാനേജർ സകീർ ഹുസൈന് മൊമെന്റോ കൈമാറി.
ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ മുത്തലിബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ജോയിന്റ് സെക്രട്ടറി രജീഷ് പി. സി. സ്വാഗതം പറഞ്ഞു. ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ദേശീയ വൈസ് പ്രസിഡന്റ് ഷാഫി വയനാട്, ദേശീയ ജോയിന്റ് സെക്രട്ടറിമാരായ ശരത്ത് കണ്ണൂർ, രഞ്ജിത് മാഹി, ചാരിറ്റി വിംഗ് കൺവീനർ രഞ്ജിത് പേരാമ്പ്ര, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ വിജയൻ ടി. പി., നസീർ പൊന്നാനി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഏരിയാ കമ്മറ്റി ട്രഷറർ അരുൺ കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
![]()
