കെ പി ഓ റഹ്മത്തുല്ല, തിരൂർ
ഡൗൺ സിൻഡ്രോം എന്ന ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ദേശീയ ഗാനം ഒരു മിനിറ്റ് 25 സെക്കൻഡ് ലൈവ് ആയി വായിച്ച് 4 ലോക റെക്കോർഡും ഒരു ഇന്ത്യൻ റെക്കോർഡും കരസ്ഥമാക്കിയ അദ്വികയുടെ ഈ വർഷത്തെ ഓണാഘോഷം ഈ മോള് അത്തം മുതലേ പൂക്കളമിട്ട് തുടങ്ങി.ഓണം എന്ന് കേൾക്കുമ്പോൾ ഐതിഹ്യങ്ങളെ പറ്റിയോ ,ഓണം എന്താണെന്നോ ഈ 11 കാരിക്ക് അറിയില്ല എന്നാലും അവളുടെ മനസ്സിൽ എന്തൊക്കെയോ സന്തോഷങ്ങളും ഓർമ്മകളും ഉണ്ട്. പൂവ് കളത്തിൽ ഇടുന്ന അന്നു മുതലേ വലിയ സന്തോഷമാണ്. പൂവട്ടിയുമായി പൂവ് പറിക്കാൻ പോകും. എല്ലാ ഓണത്തിനും അവൾക്ക് ഒരുപാട് പുത്തൻ ഉടുപ്പുകൾ കിട്ടാറുണ്ട് ഇത്തവണയും കിട്ടി ഇതിൻറെ എല്ലാ സന്തോഷം മനസ്സിലും അവളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയിലും ഉണ്ട്.

ചമ്രവട്ടം ജി. യു .പി സ്കൂളിൽ ആറാം തരത്തിൽ പഠിക്കുന്നു. സ്കൂളിലെ എല്ലാ ആഘോഷങ്ങൾക്കും പ്രത്യേകിച്ച് ഓണാഘോഷത്തിനും പൂക്കളം ഇടുന്നതിനും കായിക മത്സരങ്ങൾക്കും ആ സ്കൂളിലെ അധ്യാപകർ എല്ലാം തന്നെ ചേർത്തു പിടിക്കാറുണ്ട് പരിമിതികൾ ഉള്ള കുട്ടിയാണ് എന്ന് കരുതി അവളെ ഒരിക്കലും മാറ്റിനിർത്താറില്ല. ഇത്തവണ വടംവലി മത്സരം ആദ്യമായി സ്കൂളിൽ നിന്നാണ് കണ്ടത് അത് അവൾക്ക് വലിയ സന്തോഷമായി. വീട്ടിൽ വന്ന് അനിയനെയും അച്ഛമ്മയെയും കൂട്ടി വടംവലി തന്നെയായിരുന്നു.

അദ്വികയെ പറ്റി പറയുമ്പോൾ കീബോർഡ് വായന കൂടാതെ നൃത്തം പഠിക്കുന്നുണ്ട്. നീന്തൽ , പെയിൻറിംഗ് തുടങ്ങിയവ അവൾക്ക് പരിശീലനം നൽകുന്നുണ്ട്. കരാട്ടയിൽ യെല്ലോ ബെൽറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഓണത്തിന് അവളുടെ ചേച്ചി പാടി അഭിനയിച്ച ഒരു ആൽബത്തിൽ അദ്വികയും അഭിനയിച്ചിരുന്നു. ഓണത്തിൻറെ അന്ന് രാവിലെ പതിവിലും നേരത്തെ ഉണർന്ന് കുളിച്ച് പട്ടുപാവാടയും ബ്ലൗസും ഇട്ട് കണ്ണെഴുതി പൊട്ട് തൊട്ട് അച്ഛന്റെയും അമ്മയുടെയും അനിയന്റെയും കൂടെ അമ്പലത്തിൽ പോയിരുന്നു. തൃക്കാക്കരയപ്പനെ പൂജിക്കുമ്പോൾ അച്ഛൻറെ കൂടെ അവളും ഇരിക്കും അപ്പനെ പൂജിക്കാൻ. ചമ്രവട്ടം സ്വദേശി സുജിത്ത് ശങ്കറിന്റെയും രേഖ പി.സി യുടെയും മൂത്ത മകളാണ് അദ്വിക അവൾക്കൊരു അനിയനും ഉണ്ട്. മ്യൂസിക് തെറാപ്പിയും കീബോർഡ് പഠിപ്പിക്കുന്നതും ഭിന്നശേഷി മേഖലയിൽ ഉള്ള പ്രവർത്തനത്തിന് സാമൂഹിക ക്ഷേമ വകുപ്പിന്റെ 2025 ലെ അവാർഡ് നേടിയ എടപ്പാൾ സ്വദേശി നിര്ഷാദ് നിനിയാണ്. നൃത്തം പഠിപ്പിക്കുന്നത് കലാമണ്ഡലം ഡോ: സൗമ്യ സുഭാഷും, ചിത്രരചന സിന്ധു മാത്തൂർ ,സ്പെഷ്യൽ എഡ്യൂക്കേഷൻ അഞ്ജന ടീച്ചറുമാണ്. കരോട്ടെ റഹ്മാൻ മാസ്റ്ററുടെ കീഴിൽ പരിശീലനം നടത്തുന്നു. അദ്വിക തുപ്രങ്ങോട് പാണാട്ട് കുടുംബാംഗമാണ്.

![]()
