തിരുവനന്തപുരം : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് നോർക്ക റൂട്ട്സിൽ സദ്ഭാവന ദിവസ് ആചരിച്ചു. തൈക്കാട് നോർക്ക സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് ജീവനക്കാർക്ക് സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഐക്യം, സമാധാനം, സാമുദായിക സൗഹാർദം, പരസ്പരസ്നേഹം എന്നിവയുടെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ദിനാചരണം സംഘടിപ്പിച്ചത്. ജാതി, മത, സാംസ്കാരിക, ഭാഷാ വൈവിധ്യങ്ങൾക്കപ്പുറം രാജ്യത്ത് ഐക്യവും സൗഹാർദവും വളർത്തുമെന്നും ജീവനക്കാർ പ്രതിജ്ഞ ചെയ്തു.
വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ നമ്മുടെ രാജ്യത്ത് ഐക്യം ശക്തിപ്പെടുത്തുന്നതിനും സമാധാനവും സഹിഷ്ണുതയും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സന്ദേശമാണ് സദ്ഭാവന ദിവസ് മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്കും സാമൂഹിക ഐക്യത്തിനും സൗഹാർദപരമായ സഹവർത്തിത്വം അനിവാര്യമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ദിനാചരണം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20-നാണ് എല്ലാ വർഷവും സദ്ഭാവന ദിവസ് ആചരിക്കുന്നത്.
![]()
