റിയാദ്: പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 80-ാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
രാജ്യത്തിന്റെ സ്വയംനിർണയാവകാശവും സ്വാഭിമാനബോധവും അടിയറവെച്ച 12 വർഷങ്ങളാണ് കടന്നുപോയതെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഓരോ വർഷം കഴിയുന്തോറും വർധിച്ചുവരികയാണ്. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിനോ അവർ നേരിടുന്ന ജീവിതഭാരങ്ങൾ ലഘൂകരിക്കുന്നതിനോ മാറിമാറി വന്ന സർക്കാരുകൾക്ക് സാധിച്ചിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

വിദ്യാർഥികളും യുവജനങ്ങളും തങ്ങളുടെ ആവശ്യങ്ങൾക്കായി തെരുവിലിറങ്ങി സമരം ചെയ്യേണ്ട സാഹചര്യമുണ്ടായെന്നും സമരങ്ങളെ കേന്ദ്ര സർക്കാർ അതിക്രൂരമായി നേരിട്ടെന്നും പരിപാടിയിൽ വിമർശനമുയർന്നു. സ്ത്രീകളുടെ സുരക്ഷയും സ്വാതന്ത്ര്യവും കൂടുതൽ വെല്ലുവിളികൾ നേരിടുകയാണ്. കർഷക വിരുദ്ധ നയങ്ങൾക്കെതിരെ മാസങ്ങളോളം പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കർഷകർ തെരുവിൽ സമരം ചെയ്യേണ്ടിവന്നതായും പ്രസംഗകർ പറഞ്ഞു.
മുസ്ലിംകളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള രാജ്യത്തെ ന്യൂനപക്ഷങ്ങൾ നിരന്തരം വേട്ടയാടപ്പെടുകയും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും പരിരക്ഷകളും ദുർബലപ്പെടുത്തപ്പെടുകയും ചെയ്തതായി അവർ ആരോപിച്ചു. ദലിത്-ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെടുകയും അവർക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ദുർബലപ്പെടുത്തുകയും ഭരണഘടനാ തത്വങ്ങളെ അവഗണിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്ന ഇടപെടലുകൾ നടത്തുകയും ചെയ്തതായി പരിപാടിയിൽ വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് സംവിധാനത്തെയും ജനാധിപത്യ മൂല്യങ്ങളെയും ദുർബലപ്പെടുത്തുന്ന ശ്രമങ്ങൾ നടക്കുന്നതായും വൈവിധ്യങ്ങളെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ തുടരുന്നതായും പ്രസംഗകർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ 12 വർഷത്തെ കേന്ദ്രഭരണം രാജ്യം അഭിമുഖീകരിച്ച വലിയ ദുരന്തങ്ങളിലൊന്നായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്നും അവർ പറഞ്ഞു.


പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്റ് അംജദ് അലി, സെൻട്രൽ കമ്മിറ്റി അംഗം ശിഹാബ് കാരാട്ട്, യുവപ്രഭാഷകൻ ഷറഫുദ്ദീൻ എന്നിവർ വിഷയാധിഷ്ഠിതമായി സംസാരിച്ചു.
ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. നടാഷ സഞ്ജീവ്, ഹാനിയ അനീസ്, താനിയ സഞ്ജീവ് എന്നിവർ അവതരിപ്പിച്ച സ്വാതന്ത്ര്യദിന സ്കിറ്റും യാസീൻ അഹമ്മദ് ആലപിച്ച ദേശഭക്തിഗാനവും അഷ്റഫ് പാറമ്മേൽ അവതരിപ്പിച്ച കവിതാലാപനവും സദസ്സിന് നവ്യാനുഭവമായി. സ്വാതന്ത്ര്യദിന ക്വിസ് മത്സരവും ശ്രദ്ധേയമായി.
പ്രവാസി വെൽഫെയർ സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് ബാരിഷ് ചെമ്പകശ്ശേരി സമാപന പ്രഭാഷണം നടത്തി. ഷഹ്ദാൻ എം. പി. സ്വാഗതവും അഡ്വ. ജമാൽ നന്ദിയും പറഞ്ഞു. അഫ്സൽ ഹുസൈൻ, അഫ്ഹാൻ, പ്രസീ സഞ്ജു, ആയിഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
![]()
