ദുബൈ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റി ഹെൽത്ത് ആൻഡ് വെൽനെസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സെവൻ എമിറേറ്റ്സ്, വൺ ഹാർട്ട്’ ദേശീയ കാർഡിയാക് റിസ്ക് ബോധവത്കരണവും സി പി ആർ ലൈഫ്സേവർ പരിശീലനവും സംഘടിപ്പിച്ചു.
ദുബൈ എയർപോർട്ട് ടെർമിനൽ രണ്ടിന് എതിർവശത്തുള്ള ഗസൽ റെസ്റ്റോറന്റിൽ നടന്ന പരിപാടി കേരള ആരോഗ്യ വകുപ്പിന്റെ ഹൈ പവർ കമ്മിറ്റി ചെയർമാനും ആരോഗ്യവിദഗ്ധനുമായ ഡോ. എസ്. എസ്. ലാൽ ഉദ്ഘാടനം ചെയ്തു. ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ് അധ്യക്ഷത വഹിച്ചു.
പ്രശസ്ത ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റും അബുദാബി LLH ഹോസ്പിറ്റലിലെ വിദഗ്ധനുമായ ഡോ. അരുണ് ഹരി മുഖ്യപ്രഭാഷണം നടത്തി. കാർഡിയോളജിസ്റ്റ് ഡോ. സി. ഭാരത് ചന്ദ്രൻ കാർഡിയാക് റിസ്ക് ബോധവത്കരണ സെഷന് നേതൃത്വം നൽകി. ഹൃദ്രോഗ സാധ്യതകൾ നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം, ഹൃദയാഘാതത്തിന്റെയും കാർഡിയാക് അറസ്റ്റിന്റെയും മുന്നറിയിപ്പ് ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ വിശദീകരിച്ചു.
ദുബായ് ഹെൽത്ത് സിമുലേഷൻ സെന്റർ ലൈഫ് സപ്പോർട്ട് പ്രോഗ്രാം ലീഡ് ബിന്ദു മിസ്ബാഹുദ്ദീൻ CPR/Lifesaver പ്രായോഗിക പരിശീലനത്തിന് നേതൃത്വം നൽകി. കാർഡിയാക് അറസ്റ്റ് സംഭവിച്ചാൽ ഉടൻ CPR ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം, അടിസ്ഥാന ജീവൻരക്ഷാ നടപടികൾ, AED ഉപയോഗം എന്നിവയിൽ പരിശീലനം നൽകി. പങ്കെടുത്തവർക്ക് നേരിട്ട് CPR പരിശീലിക്കാനുള്ള അവസരവും ഒരുക്കി. പരിശീലനം പൂർത്തിയാക്കിയവർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഇൻകാസ് യു.എ.ഇ നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് യേശു ശീലൻ, നദീർ കാപ്പാട്, ട്രഷറർ ബിജു എബ്രഹാം, ജനറൽ സെക്രട്ടറി ബി. എ. നാസർ, വൈസ് പ്രസിഡന്റ് രാജി എസ്. നായർ പ്രജീഷ് ബാലുശ്ശേരി, അഷ്റഫ് തുടങ്ങിയ ദേശീയ കമ്മിറ്റി ഭാരവാഹികളും അബുദാബി പ്രസിഡന്റ് എ എം അൻസാർ, ഷാർജ പ്രസിഡന്റ് അബ്ദുൽ മനാഫ്, അൽ ഐൻ ആക്ടിങ് പ്രസിഡന്റ് അൻസാർ കിളിമാനൂർ ഉൾപ്പെടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ആരോഗ്യപ്രവർത്തകരും പങ്കെടുത്തു.
ഹെൽത്ത് ആൻഡ് വെൽനെസ് കമ്മിറ്റി ജനറൽ കൺവീനർ ഷാജി ഷംസുദീൻ സ്വാഗതവും സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു
![]()
