തിരുവനന്തപുരം : രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അഭിവൃദ്ധിക്കായി ഒറ്റക്കെട്ടായി മുന്നേറണമെന്നും , ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യം അല്ല, അവകാശമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ ആഹ്വാനം ചെയ്തു.80-ാം സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയതിനു ശേഷം നൽകിയ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി.ജീവൻ നഷ്ടമായവർക്ക് ആദരം അര്‍പ്പിച്ച് കൊണ്ടാണ് മുഖ്യമന്ത്രി വാക്കുകള്‍ ആരംഭിച്ചത്. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. വന്ദേമാതരം ആലാപനമുണ്ടായില്ല.
പ്രളയം പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം കൊണ്ട് വരും. ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. പുതുതലമുറക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കണം. ലഹരി എന്ന വിപത്തിനെ പടിയിറക്കണമെന്നും ഇവ സർക്കാരിന്റെ മുൻഗണന പട്ടികയിലുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
![]()
