ദുബായ്: തളിക്കുളം പ്രവാസി അസോസിയേഷൻ (ടി.പി.എ.) യു.എ.ഇ.യുടെ 22-ാമത് കുടുംബസംഗമമായ ‘സ്നേഹസംഗമം 2026’ ജൂലൈ 26 ഞായറാഴ്ച ദുബായ് ദേരയിലെ മാർക്കോ പോളോ ഹോട്ടലിൽ വിപുലമായ അംഗപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയും സൗഹൃദവും കുടുംബബന്ധങ്ങളും കൂടുതൽ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സംഗമം വിവിധ കലാ-സാംസ്കാരിക പരിപാടികളും ആദരിക്കൽ ചടങ്ങുകളും കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
പ്രസിഡന്റ് ബഷീർ ഇ.കെ. അധ്യക്ഷനായ ചടങ്ങിൽ അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ ഉത്ഘാടനം ചെയ്തു.ഇൻഫ്ളുവൻസർ അഹമ്മദ് ഹാരിബ് മുഖ്യ പ്രഭാഷണം നടത്തി.നെല്ലറ ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ,ചാക്കോ ഊളക്കാടൻ എന്നിവർ ആശംസകൾ നേർന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, വിനോദ മത്സരങ്ങൾ, കുടുംബാംഗങ്ങളുടെ കലാവിരുന്ന്, അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്, സമ്മാനദാനം, ഭാഗ്യക്കുറി എന്നിവ പരിപാടിക്ക് കൂടുതൽ നിറം പകർന്നു. വനിതാ വിഭാഗത്തിന്റെയും യുവജനവിഭാഗത്തിന്റെയും സജീവ പങ്കാളിത്തം പരിപാടിയെ കൂടുതൽ ആകർഷകമാക്കി.നാല്പത് വർഷത്തിലധികം പ്രവാസ ജീവിതം നയിച്ച തളിക്കുളം പ്രവാസി അസോസിയേഷൻ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും വിവിധ ഘട്ടങ്ങളിൽ പിന്തുണ നൽകിയ വ്യക്തികളെയും സ്പോൺസർമാരെയും ചടങ്ങിൽ മൊമന്റോ നൽകി ആദരിച്ചു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, സ്പോൺസർമാർ, കലാപരിപാടികൾ അവതരിപ്പിച്ചവർ, പങ്കെടുത്ത മുഴുവൻ അംഗങ്ങളും കുടുംബാംഗങ്ങളും സംഘാടകരുടെ അഭിനന്ദനവും നന്ദിയും ഏറ്റുവാങ്ങി.
സംഘടനയുടെ സെക്രട്ടറി ടി. കെ. ഇബ്രാഹിംകുട്ടി സ്വാഗതവും ട്രഷറർ കെ. എസ്. ബൈജു നന്ദിയും രേഖപ്പെടുത്തി. പ്രോഗ്രാം കൺവീനർമാരായ അഷറഫ് കാദർ, ദേവരാജ് കൊല്ലാറ എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി പരിപാടിക്ക് നേതൃത്വം നൽകി.
![]()
