ജുബൈൽ: കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ജുബൈൽ മലയാളി സമാജത്തിന്റെ ആദ്യ സംഗീത ആൽബമായ ‘കാവ്യ കൈരളി’ പ്രകാശനം ചെയ്തു. കിംസ് ഹോസ്പിറ്റൽ ഹാളിൽ നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സമാജം ചെയർമാൻ തോമസ് മാത്യു മാമൂടൻ, പ്രസിഡന്റ് ബൈജു അഞ്ചൽ,സാമൂഹിക പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി, സെക്രട്ടറി സന്തോഷ് കുമാർ ചക്കിങ്കൽ, ട്രഷറർ സുമോദ് മോഹൻ എന്നിവർ ചേർന്ന് ആൽബത്തിന്റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു.
കേരളത്തിന്റെ ഭാഷയും സംസ്കാരവും സംഗീതപാരമ്പര്യവും പ്രവാസഭൂമിയിലും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ജുബൈൽ മലയാളി സമാജത്തിന്റെ കലാ-സാംസ്കാരിക പ്രതിബദ്ധതയുടെ അടയാളമായി ‘കാവ്യ കൈരളി’ മാറി. സമാജത്തിന്റെ കൂട്ടായ്മയുടെയും സർഗാത്മകതയുടെയും കലാപ്രതിഭകളുടെയും ഒത്തുചേരലാണ് ഈ സംഗീത ആൽബം.
സമാജം ട്രഷറർ സുമോദ് മോഹൻ രചന നിർവഹിച്ച ഗാനത്തിന് ഷൈൻ വെങ്കിടങ്ങ് സംഗീതം പകർന്നു. സമാജം ഭാരവാഹികളായ ഗിരീഷ് കുമാർ, ഡോ. നവ്യ വിനോദ്, മുബാറക് ഷാജഹാൻ, നീതു രാജേഷ്, സന്തോഷ് കുമാർ ചക്കിങ്കൽ, ബിനു ശരത്ത് എന്നിവർ ആലപിച്ച ഈ ആൽബം സംവിധാനം ചെയ്തത് സമാജം സെക്രട്ടറി സന്തോഷ് കുമാർ ചക്കിങ്കലാണ്
ആൽബത്തിന്റെ ദൃശ്യാവിഷ്കാരത്തിൽ ബൈജു അഞ്ചൽ, ഗിരീഷ് കുമാർ, ഡോ. നവ്യ വിനോദ്, മുബാറക് ഷാജഹാൻ, നീതു രാജേഷ്, സന്തോഷ് കുമാർ ചക്കിങ്കൽ, സിനി സന്തോഷ്, ബിനു ശരത്ത്, ആശാ ബൈജു,നിസാർ ഇബ്രാഹിം, നവീൻ കൊതേരി, ബെൻസൺ സാമുവൽ എന്നിവർ പങ്കാളികളായി. ബിനു സ്റ്റുഡിയോയുടെ റെക്കോർഡിംഗ്, സുമോദ് മോഹന്റെയും നവീൻ കൊതേരിയുടെയും ക്യാമറ പ്രവർത്തനം, ബാൻസുരി ക്രിയേഷൻസിന്റെ എഡിറ്റിംഗ് എന്നിവ ആൽബത്തിന് സാങ്കേതിക മികവ് പകർന്നു.
ചടങ്ങിൽ സാറഭായ് സൈഫുദ്ദീൻ, ധന്യ ഫെബിൻ, റിയാസ് എൻ.പി., വിനോദ്, എബി ജോൺ, ഹാരിസ്, ഫരീദ ഹാരിസ്, നദീറ, ശരത്, വികാസ് തുടങ്ങി സമാജം ഭാരവാഹികളും അംഗങ്ങളും കലാസ്നേഹികളും പങ്കെടുത്തു.

പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാള ഭാഷയെയും സാഹിത്യത്തെയും സംഗീതത്തെയും സംസ്കാരത്തെയും ചേർത്തുപിടിച്ച് ഒരു കൂട്ടായ്മയ്ക്ക് എത്ര മനോഹരമായ കലാസൃഷ്ടികൾ സമ്മാനിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ‘കാവ്യ കൈരളി’. അംഗങ്ങളുടെ കൂട്ടായ പരിശ്രമവും പരസ്പര സഹകരണവും ഒത്തുചേർന്നപ്പോൾ പിറന്ന ഈ സംരംഭം ജുബൈൽ മലയാളി സമാജത്തിന്റെ പ്രവർത്തനചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടമായി മാറി.
ഈ ആദ്യ ചുവടുവെപ്പ് വരുംനാളുകളിൽ കൂടുതൽ കലാപ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും പുതിയ സംഗീത-സാംസ്കാരിക സംരംഭങ്ങൾക്ക് വഴിയൊരുക്കാനും പ്രചോദനമാകട്ടെയെന്ന് ചടങ്ങിൽ പങ്കെടുത്തവർ ആശംസിച്ചു. മലയാളത്തിന്റെ മാധുര്യവും സൗഹൃദത്തിന്റെ സന്ദേശവും പ്രവാസലോകത്ത് കൂടുതൽ ദൂരങ്ങളിലേക്ക് എത്തിക്കാൻ ‘കാവ്യ കൈരളി’ക്ക് കഴിയട്ടെയെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
