ഡൽഹി : ഇന്ത്യൻ എംബസ്സികളുടെ കീഴിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫേർ ഫണ്ട് (ICWF) ഉപയോഗിച്ച് 1,356 പേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ഇതിനായി മൊത്തം 32.52 കോടി രൂപ ഫണ്ടിൽ നിന്ന് ചെലവഴിച്ചതായി ലോക്സഭയിൽ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് അറിയിച്ചു.
ആവശ്യമായ ഘട്ടങ്ങളിൽ മൃതദേഹം നാട്ടിലെത്തിക്കൽ, വൈദ്യസഹായം, എയർ ടിക്കറ്റ്,താമസം, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ ഫണ്ട് പ്രയോജനപ്പെടുത്തുന്നത്.
ഓരോ ഇന്ത്യൻ എംബസ്സികളിലും കോൺസുലർ സേവനങ്ങൾ നൽകുമ്പോൾ പ്രവാസികളിൽ നിന്ന് നിശ്ചിത തുക ഈടാക്കിയാണ് ഈ ഫണ്ട് സമാഹരിക്കുന്നത്.
എംബസ്സികളുമായി ബന്ധപ്പെട്ട് സാധാരണ പ്രവാസികൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി ഫണ്ടിന്റെ വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാൻ പ്രവാസി രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരും സംഘടനകളും ശ്രദ്ധ ചെലുത്തണമെന്ന് ഈ വിഷയത്തിൽ പ്രതികരിച്ച ലോക കേരളം സഭ അംഗം അബ്ദുൽറഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.
![]()
