റിയാദ്: പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള ഉപഭോക്തൃ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളും ദേശീയ മാലിന്യ നിർമാർജന കേന്ദ്രത്തിന്റെ (MWAN) കീഴിലുള്ള ഉദീം (Udeem) പദ്ധതിയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകൾ ‘ഗ്രീൻ ചെക്ക്ഔട്ട് കൗണ്ടറുകൾ’ ആരംഭിച്ചു. പരിസ്ഥിതി സൗഹൃദ സമ്പദ് വ്യവസ്ഥ വളർത്തുന്നതിനും സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഊന്നൽ നൽകിക്കൊണ്ടാണ് ലുലുവിൻ്റെ ഈ സുപ്രധാന ചുവടുവെപ്പ്.
റിയാദിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ ഉദീം പ്രോഗ്രാം ജനറൽ സൂപ്പർവൈസർ എച്ച്.ഇ. എൻജിനീയർ ഒത്മാൻ അൽ മദനി, സൗദി ലുലു ഹൈപ്പർമാർക്കറ്റ് പ്രതിനിധികൾ എന്നിവർ പങ്ക് ചേർന്നു. പരിസ്ഥിതിക്ക് പ്രാധാന്യം നൽകുന്ന ഇത്തരം പദ്ധതികളിൽ പൊതു-സ്വകാര്യ മേഖലകളുടെ സഹകരണം ഏറെ നിർണായകമാണെന്ന്
ഉദീം പ്രതിനിധികളും ലുലു ഗ്രൂപ്പും ചടങ്ങിൽ ചൂണ്ടിക്കാട്ടി.
*പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം, ഹരിത സംസ്കാരം വളർത്താം*
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉപഭോക്താക്കൾ സ്വന്തമായി പുനരുപയോഗിക്കാവുന്ന ഷോപ്പിംഗ് ബാഗുകൾ ശീലമാക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ ദൈനംദിന ഷോപ്പിംഗിൽ പരിസ്ഥിതി സൗഹൃദപരമായ സമീപനം ഉറപ്പാക്കാൻ കഴിയും.
ആദ്യ ഘട്ടമെന്ന നിലയിൽ സൗദി അറേബ്യയിലുടനീളമുള്ള 50 ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് ലുലു ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ശാഖയിലും രണ്ട് പ്രത്യേക കൗണ്ടറുകൾ വീതം ആകെ 100 ഗ്രീൻ ചെക്ക്ഔട്ട് കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പരിസ്ഥിയോടിണങ്ങിയുള്ള ഷോപ്പിംഗ് ഉപഭോക്താക്കൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധതരം പരിസ്ഥിതി സൗഹൃദ ബാഗുകൾക്ക് വൻ ഓഫറുകളും ലുലു ഒരുക്കിയിട്ടുണ്ട്. ഇതിനോടൊപ്പം ഉപഭോക്താക്കൾക്കായി ഇൻ-സ്റ്റോർ ബോധവൽക്കരണ കിയോസ്കുകൾ, ഡിജിറ്റൽ ക്യാമ്പെയ്നുകൾ, പ്രത്യേക പ്രദർശനങ്ങൾ എന്നിവയും സജ്ജമാണ്.
ദേശീയ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണത്തിന്റെ മികച്ച മാതൃകയാണ് ഈ പദ്ധതിയെന്ന് വിലയിരുത്തപ്പെടുന്നു. മാലിന്യ നിർമാർജനത്തിൽ സംഘടനകളെ പ്രാപ്തരാക്കുക, അതിലൂടെ സൗദിയെ പരിസ്ഥിതി സൗഹൃദ സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുക എന്നീ MWAN-ന്റെ ലക്ഷ്യങ്ങളുമായി പൂർണ്ണമായി ചേർന്ന് നിൽക്കുന്നതുമാണ് പുതിയ പദ്ധതി.
ഉദീം പദ്ധതിയുമായി സഹകരിച്ച് ഗ്രീൻ ചെക്കൗട്ട് കൗണ്ടർ നടപ്പിലാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് വ്യക്തമാക്കി. ദൈനംദിന ഷോപ്പിംഗിൽ സുസ്ഥിരമായ രീതികൾ ഉൾപ്പെടുത്തുന്നതിനായുള്ള ഞങ്ങളുടെ സുപ്രധാന ചുവടുവെപ്പാണിത്. മാലിന്യം കുറയ്ക്കുക, ഉപഭോക്താക്കളിൽ പരിസ്ഥിതി ബോധം വളർത്തുക, രാജ്യത്തിന്റെ ഹരിത ലക്ഷ്യങ്ങൾക്ക് ക്രിയാത്മകമായി സംഭാവന നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ – സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി കൈകോർത്ത് സമൂഹത്തിനും സാമ്പത്തിക രംഗത്തിനും പരിസ്ഥിതിക്കും അനുയോജ്യമായ ഗുണകരമായ പദ്ധതികൾ നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഉദീം അധികൃതരും പറഞ്ഞു. പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ വിജയകരമായ ഉദാഹരണമാണ് ഗ്രീൻ ചെക്ക്ഔട്ട് കൗണ്ടർ എന്നും അധികൃതർ വിശദീകരിച്ചു.
വരുംകാലങ്ങളിൽ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുമെന്നും, രാജ്യത്തിന്റെ പരിസ്ഥിതി സൗഹൃദ ഭാവിക്കായുള്ള ദേശീയ ശ്രമങ്ങൾക്ക് തങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും ലുലു സൗദി അറിയിച്ചു.
![]()
