ന്യൂയോർക്ക് :മൈതാനത്തെ ആരവങ്ങൾ കെട്ടടങ്ങിയെങ്കിലും മാധ്യമങ്ങളിലൂടെ നമ്മള റിഞ്ഞ സോക്കർജ്വരം കെടാതെ നിൽക്കുന്നു.അതിനായി പ്രവർത്തിച്ച മാധ്യമ പ്രവർത്തകർ പ്രതിനിധീകരിക്കുന്ന സ്ഥാപനത്തിന്റെ മുന്നേറ്റത്തിനായിരുന്നു അവരുടെ അധ്വാനമെങ്കിലും അവർ ചേർന്നു നമുക്കു നൽകിയത് ഇനിയും രുചിച്ചു തീർന്നിട്ടില്ലാത്തൊരു കായികസദ്യയാണ്.അതിൽ നമ്മുടെ മലയാളി മാധ്യമ പ്രവർത്തകരും ഉണ്ടായിരുന്നു. കേരള ത്തിലെ വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്നവർ. ഭൂഖണ്ഡങ്ങൾക്കപ്പുറത്തു കേരളത്തിലിരിക്കുന്നവർക്ക് ഫിഫ ലോകക്കപ്പ് വിശേഷങ്ങൾ എത്തിച്ച ഈ മാധ്യമപ്രവർത്തകരെ ആദരിക്കാൻ അമേരിക്കൻ മലയാളി സമൂഹവും ഒത്തുചേർന്നു.
ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്ററും കെഎംസിസി ഫിഫ ഹെൽപ്ഡെസ്കും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് എൽമോണ്ടിലെ കേരള സെന്ററിൽ ജൂലൈ 18 ന് നടന്നു.ഒന്നരമാസത്തോളം ഇവിടുണ്ടായിരുന്ന മാധ്യമ പ്രവർത്തകർക്കു നിരന്തരം സഹായങ്ങൾ എത്തിച്ചിരുന്ന കെ എം സി സി ഫിഫ ഹെൽപ്ഡെസ്കിന്റെ സേവനങ്ങളെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ലെന്ന് മാധ്യമ പ്രവർത്തകർ ഒരേ ശബ്ദത്തിൽ പറഞ്ഞു.കമാൽ വരദൂർ(ചന്ദ്രിക ചീഫ് എഡിറ്റർ),എസ്.പി ശരത്(മലയാള മനോരമ),ഹരി ലാൽ രാജഗോപാൽ(മാതൃഭൂമി),പ്രതാപ് നായർ(ന്യൂസ് 18), ഹാരൂൺ റഷീദ്(സുപ്രഭാതം) എന്നിവരാണ് കേരളത്തിൽ നിന്നും ഫിഫ റിപ്പോർട്ടിങ്ങിനെത്തിയ പ്രമുഖ മാധ്യമ പ്രവർത്തകർ . കെഎംസിസി പ്രസിഡന്റ് യു.എ നസീർ, കെഎംസിസി യു. എസ്.എയുടെ ഫിഫ ഹെൽപ്ഡെസ്ക് ഡയറക്ടർ ഹനീഫ് എരഞ്ഞിക്കൽ, ന്യൂ യോർക്ക് സംഘടകരായ ഷാമിൽ,യാസിം, ജാവേദ്, ജൗഹർഷാ, ഷാമിക്, ഉവൈസ്, ഷംലിക് എന്നിവർ ആതിഥേയത്വം വഹിച്ചു. ഇന്ത്യ പ്രസ്ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് സജി എബ്രഹാം, ട്രഷറർ ടാജ് മാത്യു, മുൻ നാഷണൽ പ്രസിഡന്റുമാരായ ജോർജ് ജോസഫ്, സുനിൽ ട്രൈസ്റ്റാർ എന്നിവർക്കായിരുന്നു സംഘാടക ചുമതല.
![]()
