റിയാദ്: സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘നൂറ് പ്രകാശവർഷങ്ങൾ’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് )സംഘടിപ്പിക്കുന്ന ‘അസ്സുഫ്ഫ നാട്ടുദർസി’ന് റിയാദിൽ പ്രൗഢോജ്ജ്വല തുടക്കമായി. ബത്ഹയിലെ ഡി പാലസ് ഹാളിൽ വെച്ചാണ് വിപുലമായ ഉദ്ഘാടന സമ്മേളനം നടന്നത്.
ആഗോളതലത്തിൽ ഒരേസമയം അഞ്ച് ലക്ഷം പഠിതാക്കളെ ലക്ഷ്യമിട്ട് നാട്ടിൽ വിജയകരമായി നടപ്പിലാക്കിയ നാട്ടുദർസ് പദ്ധതിയുടെ പ്രവാസിതല വിപുലീകരണത്തിന്റെ ഭാഗമായാണ് റിയാദിലും ഇതിന് തുടക്കം കുറിച്ചത്. പ്രവാചകരുടെയും പുണ്യസ്വഹാബികളുടെയും ജീവിതമാതൃകയും പാരമ്പര്യ
ഇസ്ലാമിക അറിവും സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ഉന്നതമായ ലക്ഷ്യമാണ് ഈ വിജ്ഞാന സദസ്സുകളിലൂടെ മുന്നോട്ടുവെക്കുന്നത്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ രചിച്ച ‘അൽവജീസ്’ എന്ന പ്രശസ്ത ഗ്രന്ഥമാണ് ഈ നാട്ടുദർസിൽ പഠനവിധേയമാക്കുന്നത്. ഗ്രന്ഥകർത്താവിൽ നിന്ന് നേരിട്ട് ഇജാസത്തും (അനുമതി) പ്രത്യേക പരിശീലനവും സിദ്ധിച്ച പ്രഗത്ഭരായ ഗുരുജനങ്ങളാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിൽ
റിയാദിന്റെ വിവിധ യൂണിറ്റുകളിൽ പ്രത്യേകം ക്രമീകരിച്ച 30 ക്ലാസ്സുകൾ നടക്കും. തുടർന്ന്, സമസ്ത സെന്റിനറി സമ്മേളന നഗരിയായ വാദി ഹറമൈനിയിൽ വെച്ച് കാന്തപുരം ഉസ്താദ് നേരിട്ട് നടത്തുന്ന മഹത്തായ ദർസോടെയായിരിക്കും ആഗോളതലത്തിലുള്ള ഈ വിജ്ഞാന പഠനപദ്ധതിക്ക് ഔദ്യോഗിക പരിസമാപ്തിയാവുക.
ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇസ്മായിൽ സഅദി സ്വാഗതം പറഞ്ഞു.
പ്രമുഖ പണ്ഡിതൻ അബ്ദുൽ റഷീദ് ബാഖവി ഉസ്താദ് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും, ആദ്യ ദർസ് എടുക്കുകയും ചെയ്തു. ഐ.സി.എഫ്. നാഷണൽ പ്രസിഡന്റ് റഷീദ് സഖാഫി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു ആശംസകൾ നേർന്നു.
റിയാദിലെ വിവിധ ഘടകങ്ങളിൽ നിന്നുള്ള പ്രവർത്തകർ
പങ്കെടുത്ത വിജ്ഞാന സദസ്സിന് അബ്ദുൽ മജീദ് താനാളൂർ നന്ദി പറഞ്ഞു.വരും ദിവസങ്ങളിൽ റിയാദിന്റെ വിവിധ ഭാഗങ്ങളിൽ നാട്ടുദർസ് ക്ലാസ്സുകൾ സജീവമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
