തിരുവനന്തപുരം : പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കാനുദ്ദേശിക്കുന്ന “പ്രവാസി സീനിയർ കെയർ ഹോം” സംബന്ധിച്ച് കേരള സർക്കാർ സാമൂഹ്യനീതി ഡയറക്റ്റർ അരുൺ എസ് നായർ ഐ എ എസ് ,അഡിഷണൽ ഡയറക്റ്റർ എസ് ജലജ എന്നിവരുമായി പി എൽ സി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ പദ്ധതി സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ സമർപ്പിച്ചു. സാമ്പത്തികമായി സുസ്ഥിരമായ ഒരു സംയോജിത മാതൃകയാണ് പദ്ധതിയിൽ നിർദ്ദേശിച്ചിരിക്കുന്നത്.
ഇത് സംബന്ധിച്ച തുടർചർച്ചകൾ നോർക്ക സെക്രട്ടറിയും നോർക്ക ഡയറക്റ്ററുമായും ബന്ധപ്പെട്ട് ഉടനെ നടത്താമെന്ന് സാമൂഹ്യനീതി ഡയറക്റ്റർ അറിയിച്ചു.
കേരളത്തിൽ മടങ്ങിയെത്തിയ സീനിയർ പ്രവാസികളുടെ പുനരധിവാസത്തിന്റെ ഭാഗമായി കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടൽ, സാമൂഹ്യമായ സുരക്ഷിതത്വമില്ലായ്മ, വാർധക്യസഹജമായ രോഗങ്ങൾ എന്നിവ അഭിമുഖീകരിക്കുന്ന പ്രവാസികൾക്കുവേണ്ട സംരക്ഷണ കേന്ദ്രമായാണ് “പ്രവാസി സീനിയർ കെയർ ഹോം” വിഭാവനം ചെയ്തിരിക്കുന്നത്. ഭക്ഷണം, ചികിത്സാസംവിധാനങ്ങൾ , വിനോദോപാധികൾ തുടങ്ങി അടിസ്ഥാനപരമായ എല്ലാ സംവിധാനങ്ങളും കെയർ ഹോമിൽ ഉണ്ടായിരിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കേണ്ടതാണ്. പൈലറ്റ് പ്രോജക്റ്റ് ആയി തിരുവനന്തപുരത്താണ് ആദ്യ കെയർ ഹോം ആരംഭിക്കുന്നത്.
പദ്ധതിയുടെ സാധ്യതകളെയും നടപ്പാക്കൽ മാർഗങ്ങളെയും പറ്റി കൂടുതൽ വിശദമായി ചർച്ച ചെയ്യുന്നതിനായി നോർക്ക ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഒരു സംയുക്ത യോഗം ഉടനെ വിളിച്ചുചേർക്കാമെന്ന് ഡയറക്റ്റർ അറിയിച്ചു.
കൂടിക്കാഴ്ചയിൽ പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് കേരള ചാപ്റ്റർ ജന.സെക്രട്ടറി അഡ്വ. ആർ മുരളീധരൻ, ഭരണസമിതി അംഗങ്ങളായി അനിൽ അളകാപുരി, നന്ദഗോപകുമാർ, നിയാസ് പൂജപ്പുര, എം എം സലിം , പി കെ ഉമ്മൻ എന്നിവരും പങ്കെടുത്തു.
![]()
