ദമ്മാം: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും മലയാള സിനിമയിലെ അതുല്യ കലാപ്രതിഭയുമായ സലിം കുമാറിന്റെ നിര്യാണത്തിൽ ജാം ക്രിയേഷൻസ് ദമ്മാം അനുശോചിച്ചു. മിമിക്രി വേദികളിൽ നിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന് ഹാസ്യ കഥാപാത്രങ്ങളിലൂടെയും ഗൗരവമേറിയ വേഷങ്ങളിലൂടെയും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ അപൂർവ പ്രതിഭയായിരുന്നു സലിം കുമാർ. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുമെന്ന് ജാം ക്രിയേഷൻസ് പ്രസ്താവനയിൽ പറഞ്ഞു.
‘ആദമിന്റെ മകൻ അബു ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ അദ്ദേഹം,;’അച്ഛനുറങ്ങാത്ത വീട് ‘ ‘കറുത്ത ജൂതൻ ‘തുടങ്ങി നിരവധി ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനങ്ങളിലൂടെയും,രചയിതാവും , സംവിധായകനായും മലയാള സിനിമയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകി. അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല, സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിച്ച പൊതുപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. വിഷരഹിത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലും , സ്വന്തം വീട് പ്രളയ ബാധിതർക്കായി തുറന്നിട്ട് പ്രളയ കാലങ്ങളിൽ മനുഷ്യസ്നേഹപരമായ ഇടപെടലുകൾ നടത്തുന്നതിലും സലിം കുമാർ മാതൃക കാട്ടിയതായി ജാം ക്രിയേഷൻസ് അനുസ്മരിച്ചു.
സലിം കുമാറിന്റെ വിയോഗം മലയാള സിനിമയ്ക്കും സാംസ്കാരിക കേരളത്തിനും നികത്താനാകാത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ജാം ക്രിയേഷൻസ് വാർത്താ കുറിപ്പിൽ അറിയിച്ചു.
![]()
