റിയാദ്: ഒരുവർഷത്തോളമായി ഗുരുതരാവസ്ഥയിൽ ആശുപത്രി ചികിത്സയിലായിരുന്ന കോഴിക്കോട് മണ്ണൂർ, അമ്പാടി വീട്ടിൽ സുനിൽ കുമാർ(57)ഇന്ന് മരണത്തിന് കീഴടങ്ങി. അദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിനും തുടർനടപടികൾ പൂർത്തിയാക്കുന്നതിനുമായി ഇന്ത്യൻ എംബസിയുടെയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരുന്നതിനിടെയാണ് മരണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയത്.
കഴിഞ്ഞ വർഷം ജുലൈ ഇരുപത്തിയഞ്ചിന് ജോലിക്ക് പോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സുനിൽ കുമാറിനെ റിയാദിലെ അൽ ജസീറ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ അദ്ദേഹത്തിന് പക്ഷാഘാതം (സ്ട്രോക്ക്) സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം വെന്റിലേറ്റർ സഹായത്തോടെ ദീർഘനാളായി ചികിത്സയിൽ തുടരുകയായിരുന്നു.
മാസങ്ങളോളം അൽ ജസീറ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ഏപ്രിൽ മുപ്പതിന് റിയാദിലെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ കുടുംബവും സുഹൃത്തുക്കളും കാത്തിരുന്നുവെങ്കിലും ചികിത്സ ഫലപ്രദമാകാതെ ഇന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു
സുനിൽ കുമാറിന്റെ ചികിത്സയും തുടർകാര്യങ്ങളും സംബന്ധിച്ച് അസുഖവിവരമറിഞ്ഞ നാൾ മുതൽ അദ്ദേഹത്തിന് കാവലായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് കൂടെയുണ്ടായിരുന്നു. റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ ട്രഷറർ റാഷിദ് ദയ കുടുംബവുമായി ഫോൺ മുഖാന്തരം നേരിൽ കണ്ട് സംസാരിക്കാനും മറ്റും സജീവമായി ഇടപെട്ടിരുന്നത് കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു.ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷകൾക്കിടയിലായിരുന്നു സുനിൽ കുമാറിന്റെ അപ്രതീക്ഷിത വിയോഗം. ആശുപത്രി അധികൃതരുമായും ഇന്ത്യൻ എംബസിയുമായും നാട്ടിലെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ട്, അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നാട്ടിലെത്തിക്കാനുള്ള നടപടികളും അവർ ഏകോപിപ്പിച്ചു പോരുകയും വിദഗ്ധചികിൽസ്ക്കായി വെന്റിലേറ്റർ സംവിധാനത്തോടെ വിമാനത്തിൽ നാട്ടിലെത്തിക്കാൻ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു,നിർഭാഗ്യവശാൽ ആരോഗ്യ സ്ഥിതി വഷളാവുകയും ഡോക്ടറുടെ നിർദ്ദേശത്താൽ വെന്റിലേറ്ററിൽ തന്നെ തുടരേണ്ടി വരുകയുമായിരുന്നു .
പരേതനായ ഉണ്ണി കോഴിശ്ശേരിയാണ് പിതാവ്,മാതാവ് നാരായണി,ഭാര്യ ഷാനി,ആദർശ്,ദൃശ്യ എന്നിവർ മക്കളാണ്
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ചെയർമാൻ റഫീഖ് ചെറുമുക്ക്,ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത് ,റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റി ട്രഷറർ റാഷിദ് ദയ എന്നിവരുടെ നേതൃത്വത്തിൽ സലീം സിയാം കണ്ടം,ജാഫർ വീമ്പൂർ,അബ്ദു റഹ്മാൻ ചേലമ്പ്ര,നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട് .
![]()
