ജുബൈൽ : ജുബൈൽ മലയാളി സമാജം വനിതാ വിഭാഗവും കിംസ് ഹോസ്പിറ്റലും സംയുക്തമായി അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. കിംസ് ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ച പരിപാടി നഴ്സുമാരുടെ ആത്മാർത്ഥ സേവനത്തിനും സമർപ്പണത്തിനും ആദരവ് അർപ്പിക്കുന്ന വേദിയായി മാറി.
മലയാളി സമാജം വനിതാ വിഭാഗം പ്രസിഡന്റ് ആശ ബൈജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി നീതു രാജേഷ് സ്വാഗതം ആശംസിച്ചു. കിംസ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റ് ജോയ്സി പരിപാടി ഉദ്ഘാടനം ചെയ്തു. “സ്നേഹവും കരുതലും നിറഞ്ഞ സേവനത്തിലൂടെ മനുഷ്യജീവിതങ്ങൾക്ക് ആശ്വാസമാകുന്നവരാണ് നഴ്സുമാർ. ആരോഗ്യരംഗത്തിന്റെ നെടുംതൂണുകളായ നഴ്സുമാരുടെ സേവനം സമൂഹം എന്നും ആദരിക്കപ്പെടേണ്ടതാണ്” എന്ന് അവർ പറഞ്ഞു.
ജുബൈൽ ജനറൽ ഹോസ്പിറ്റൽ, അൽമന ഹോസ്പിറ്റൽ, റോയൽ കമ്മീഷൻ ഹോസ്പിറ്റൽ, മുഅസത് ഹോസ്പിറ്റൽ, കിംസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ നഴ്സുമാരും വിവിധ സ്ഥാപനങ്ങളിലെ ഇൻഡസ്ട്രിയൽ നഴ്സുമാരും പരിപാടിയിൽ പങ്കെടുത്തു. വിവിധ ആശുപത്രികളിൽ നിന്നുള്ള നഴ്സുമാരെ ഒരേ വേദിയിൽ ഒരുമിപ്പിച്ച ആഘോഷം എല്ലാവർക്കും ഹൃദയസ്പർശിയായ അനുഭവമായി.
ചടങ്ങിൽ സിസ്റ്റർ ലിനി, സിസ്റ്റർ ധന്യ, സിസ്റ്റർ എൽസി, സിസ്റ്റർ മറിയാമ്മ, സിസ്റ്റർ ബിബി, സിസ്റ്റർ ചിത്രലേഖ, ഇൻഡസ്ട്രിയൽ നഴ്സുമാരായ പ്രദീപ്, ജിനീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നഴ്സിംഗ് മേഖലയിലെ അനുഭവങ്ങളും സേവന രംഗത്തെ വെല്ലുവിളികളും അവർ പങ്കുവെച്ചു.
പരിപാടിയുടെ ഭാഗമായി കേക്ക് മുറിച്ചും നഴ്സുമാർക്ക് ഉപഹാരങ്ങൾ കൈമാറിയും ദിനാഘോഷം വർണാഭമാക്കി. മലയാളി സമാജം ലേഡീസ് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളായ ശരണ്യ, ഫാത്തിമ, ഫരീദ, ബിനു, മഞ്ജു, ഗീതു, ഷൈഖാ, സിസ്റ്റർ എൽസി, ധന്യ, ബിബി എന്നിവർ ചേർന്ന് പങ്കെടുത്ത നഴ്സുമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മലയാളി സമാജം പ്രസിഡന്റ് ബൈജു അഞ്ചൽ, സെക്രട്ടറി സന്തോഷ് ചക്കിങ്ങൽ, സെക്രട്ടറി മുബാറക്, വൈസ് പ്രസിഡന്റ് എബി ജോൺ, ഷജീർ തച്ചൻപാറ, നവീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സിനി സന്തോഷ് നന്ദി രേഖപ്പെടുത്തി.
![]()
