ജിദ്ദ: ലുലുവിൽ മാമ്പഴക്കാലമാണ്. വെറും മാമ്പഴക്കാലമല്ല. സൗദിയുടെ സ്വന്തം മാമ്പഴക്കാലം. സൗദി അറേബ്യയുടെ കാർഷിക സമൃദ്ധിയും തനിമയും വിളിച്ചോതി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘കിംഗ്ഡം ഓഫ് മാംഗോസ്’ ഫെസ്റ്റിന് തുടക്കമായി. പ്രാദേശിക കർഷകർ വിളയിച്ചെടുത്ത ഏറ്റവും മികച്ച മാമ്പഴ ഇനങ്ങളാണ് രാജ്യത്തുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഫെസ്റ്റിൻ്റെ ഭാഗമായി പ്രദർശനത്തിനും – വിപണനത്തിനുമായി ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 29 മുതൽ മെയ് 5 വരെയാണ് ഫെസ്റ്റ്.
സൗദിയിലെ പ്രധാന നഗരങ്ങളില്‍ നടന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് ഫെസ്റ്റിന് ഔദ്യോഗിക തുടക്കമായത്. ജിദ്ദയില്‍ അമിര്‍ ഫവാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ മക്ക മേഖലയുടെ ചുമതലയുള്ള പരിസ്ഥിതി-ജല-കൃഷി വകുപ്പ് മന്ത്രാലയം ജനറല്‍ ഡയറക്ടര്‍ എഞ്ചിനീയര്‍ വലീദ് ഇബ്രാഹിം അല്‍-ദാഗിസ് കിംഗ്ഡം ഓഫ് മാംഗോസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് അടക്കമുള്ളവരും സന്നിഹിതരായിരുന്നു. ദമ്മാം സെയ്ഹത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സിന്റെ ചുമതലയുള്ള പരിസ്ഥിതി-ജല-കൃഷി വകുപ്പ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ എഞ്ചിനീയര്‍ ഫത്തി അലി അല്‍ ദാവൂദ് ഫെസ്റ്റിന് തുടക്കം കുറിച്ചു. റിയാദിലും വിപുലമായ ഫെസ്റ്റ് ഉദ്ഘാടന ആഘോഷ ചടങ്ങുകള്‍ നടക്കും. പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണന സാധ്യത നൽകുന്നതാണ് ലുലു ഹൈപ്പർമാർക്കറ്റുകളിലെ കിംഗ്ഡം ഓഫ് മാംഗോസ് ഫെസ്റ്റ്.
*30 ലധികം വൈവിധ്യമാർന്ന മാമ്പഴങ്ങൾ*
സൗദിയിലെ കർഷക സമൂഹത്തോടുള്ള ലുലുവിന്റെ പ്രതിബദ്ധത കൂടിയാണ് ‘കിംഗ്ഡം ഓഫ് മാംഗോസ്’ ഊട്ടിയുറപ്പിക്കുന്നത്. മുപ്പതിലധികം വൈവിധ്യമാർന്ന മാമ്പഴ ഇനങ്ങൾ നേരിട്ട് പ്രാദേശിക തോട്ടങ്ങളിൽ നിന്ന് ശേഖരിച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലൂടെ കർഷകർക്ക് മികച്ച പിന്തുണയാണ് ലുലു നൽകുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും ഫ്രഷ് ആയ മാമ്പഴങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നതോടൊപ്പം രാജ്യത്തിന്റെ കാർഷിക വളർച്ചയിൽ ലുലു വഹിക്കുന്ന പങ്കും ഫെസ്റ്റിൽ ശ്രദ്ധേയമാണ്.
മാമ്പഴ പ്രേമികൾക്കായി വിപുലമായ ശേഖരമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ഇനങ്ങളായ മാംഗോ സുഡാനി, മാംഗോ ബലദി, മാംഗോ ഗ്രീൻ എന്നിവയ്ക്ക് പുറമെ മാംഗോ സിൽ, മാംഗോ ഫജേരി, മാംഗോ ജൂലി, മാംഗോ ബർമൽ തുടങ്ങിയ വ്യത്യസ്ത രുചികളും ഫെസ്റ്റിലുണ്ട്. കൂടാതെ മാംഗോ പോൺസ്, മാംഗോ അമേരിക്കി, മാംഗോ തായ്ലൻഡ്, മാംഗോ ലങ്കാര, മാംഗോ സിന്നാര, മാംഗോ സെലസ്റ്റേഷൻ, മാംഗോ തൂമി തുടങ്ങിയ അപൂർവ്വ ഇനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

സൗദി അറേബ്യയുടെ ഫലഭൂയിഷ്ടമായ മണ്ണിൽ വിളഞ്ഞ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ ആഘോഷമാണ് ഈ മേളയെന്ന് ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. പ്രാദേശിക കർഷകർക്ക് തങ്ങളുടെ അധ്വാനത്തിന്റെ ഫലം വലിയൊരു ജനവിഭാഗത്തിലേക്ക് എത്തിക്കാൻ ലുലുവിന് വേദി ഒരുക്കാനായതിൽ അഭിമാനമുണ്ടെന്നും, അപൂർവ്വവും രുചികരവുമായ സൗദി മാമ്പഴങ്ങൾ പരിചയപ്പെടാൻ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 5 വരെ നീണ്ടുനിൽക്കുന്ന കിംഗ്ഡം ഓഫ് മാംഗോസ് ഫെസ്റ്റ് ആസ്വദിക്കാൻ എല്ലാ സ്വദേശികളെയും പ്രവാസികളെയും ഹൈപ്പർമാർക്കറ്റുകളിലേക്ക് സ്വാഗതം ചെയ്യുകയാണ് ലുലു. തനത് രുചികൾ തേടുന്നവർക്കും വ്യത്യസ്ത മാമ്പഴ ഇനങ്ങൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും ഫെസ്റ്റ് പുതിയ അനുഭവമായിരിക്കും.
![]()
