ജിദ്ദ: മൂന്നു പതിറ്റാണ്ട് പ്രവാസത്തിന് വിരാമമിട്ട് നാടണയാൻ ഒരുങ്ങുന്ന ജലീൽ മാടമ്പ്രക്ക് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി (ജിദ്ദ)യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മുപ്പത് വർഷം ഒരേയൊരു സ്പോൺസറുടെ കീഴിൽ സമർപ്പണത്തോടെയും ആത്മാർത്ഥതയോടെയും ജോലി ചെയ്ത്, നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്കിന് ഒരുങ്ങുകയാണ്.
നിലമ്പൂർ അമരമ്പലം സ്വദേശിയായ ജലീൽ, ജിദ്ദയിലെ പ്രമുഖ ജീവകാരുണ്യ-സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയുമായാണ് സേവനം അനുഷ്ഠിച്ചത്. ജിദ്ദ അമരമ്പലം പ്രവാസി അസോസിയേഷൻ പ്രസിഡന്റായും രക്ഷാധികാരിയായും ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം, നാട്ടിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് ജിദ്ദയിൽ നിന്ന് പ്രധാന കോഡിനേറ്ററായി സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്ന ജലീൽ മാടമ്പ്ര, പ്രവാസ ജീവിതത്തിലെ പരിമിതികൾക്കുള്ളിലും ജന്മനാടിന്റെ പൊതു നന്മയ്ക്കായി സമർപ്പണബോധത്തോടെ പ്രവർത്തിച്ച വ്യക്തിയാണെന്ന് യോഗത്തിൽ സംസാരിച്ചവർ വിലയിരുത്തി. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും സഹപ്രവർത്തകരോടുള്ള അടുപ്പവും എല്ലാവർക്കും പ്രിയങ്കരനാക്കി.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇൻചാർജ് അസീസ് ലാക്കൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. സൈഫു വാഴയിൽ മൊമെന്റോ സമർപ്പിച്ചു.
ഇസ്മായിൽ കൂരിപ്പൊയിൽ സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
![]()
