റിയാദ്: ലോക വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി “സ്ത്രീ ശാക്തീകരണം വായനയിലൂടെ” എന്ന സന്ദേശമുയർത്തി വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിൽ വനിതാ വിഭാഗം റിയാദിലെ പ്രശസ്തമായ കിംഗ് ഫഹദ് നാഷണൽ ലൈബ്രറി സന്ദർശിച്ചു. സ്ത്രീകളുടെ ബൗദ്ധികവും സാമൂഹികവുമായ വളർച്ചയിൽ വായനയ്ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ സന്ദർശനം.
ആഘോഷങ്ങൾക്കപ്പുറം, അറിവ് നേടുന്നതിലൂടെയും വായനയിലൂടെയും സ്ത്രീകൾക്ക് എങ്ങനെ സ്വയം ശാക്തീകരിക്കാം എന്നതായിരുന്നു ലോക വനിതാ ദിനത്തിലെ ലൈബ്രറി സന്ദർശനം കൊണ്ട് ലക്ഷ്യം വെച്ചതെന്ന് റിയാദ് കൗൺസിൽ വനിത ഫോറം കോർഡിനേറ്റർ അഞ്ജു അനിയൻ പറഞ്ഞു.
ലോകത്തിലെ തന്നെ മികച്ച ലൈബ്രറികളിലൊന്നായ റിയാദിലെ കിംഗ് ഫഹദ് നാഷണൽ ലൈബ്രറിയിലെ വിപുലമായ പുസ്തകശേഖരവും ചരിത്രരേഖകളും സംഘം പരിചയപ്പെട്ടു.
റിയാദ് കൗൺസിൽ വൈസ് പ്രസിഡന്റ് റിസ് വാന ഫൈസൽ, ജോയിൻ സെക്രട്ടറി സൗമ്യ തോമസ്, ഇവന്റ് കോർഡിനേറ്റർ സബ്രിൻ ഷംനാസ്, നിർവാഹക സമിതി അംഗങ്ങളായ സലീന ജയിംസ്, മിനുജ മുഹമ്മദ്,സജ്ന തുടങ്ങിയവർ നേതൃത്വം നൽകി. ലൈബ്രറിയിലെ അത്യാധുനിക സൗകര്യങ്ങളും സ്ത്രീ സൗഹൃദമായ വായനാ അന്തരീക്ഷവും സംഘത്തിന് പുതിയൊരു അനുഭവമായി.
തുടർന്ന് നടന്ന ചർച്ച സദസ്സ് കോർഡിനേറ്റർ അഞ്ജു അനിയന്റെ അദ്ധ്യക്ഷതയിൽ റിയാദ് കൗൺസിൽ പ്രസിഡന്റ് ബിൻയാമിൻ ബിൽറു ഉദ്ഘാടനം ചെയ്തു.
വായന മരിക്കുന്നു എന്ന ആശങ്ക നിലനിൽക്കുന്ന ആധുനിക കാലഘട്ടത്തിൽ, പുസ്തകങ്ങളിലേക്ക് മടങ്ങിവരാനും വായന ഒരു ശീലമാക്കാനും പ്രവാസി മലയാളി വനിതകളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ സന്ദർശനം മുന്നോട്ട് വെക്കുന്നുവെന്ന് ചർച്ച സദസ്സിൽ WMF ഗ്ലോബൽ കേബിനറ്റ് വനിതാ ഫോറം കോർഡിനേറ്റർ വല്ലി ജോസ് പറഞ്ഞു.
റിയാദ് കൗൺസിൽ ജനറൽ സെക്രട്ടറി റിയാസ് വണ്ടൂർ, ജോയിൻ സെക്രട്ടറി സനീഷ് നസീർ, വൈസ് പ്രസിഡന്റ് റിസ് വാന ഫൈസൽ, ജോയിൻ ട്രഷറർ ബിനു. സി.എസ്, മീഡിയ കോർഡിനേറ്റർ രാഹുൽ രവീന്ദ്രൻ, പി.ആർ.ഒ. ജോസ് ആന്റണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സൗമ്യ തോമസ് സ്വാഗതവും സബ്രീൻ ഷംനാസ് നന്ദിയും പറഞ്ഞു.
![]()
