ദമ്മാം: അടുത്ത കാലത്തായി പുറത്ത് വരുന്ന വാർത്തകളിൽ സ്വന്തം വീടകങ്ങളിൽ പോലും സ്ത്രീകളും കുട്ടികളും മാനസിക പീഡനത്തിനും ചൂഷണത്തിനും ഇരയാവുന്നുണ്ടെന്നത് നമ്മളെ ഏറെ ചിന്തിപ്പിക്കുന്ന ഒരു വസ്തുതയാണെന്നും,
നിത്യ ജീവിതത്തിൽ നമ്മോട് ചേർന്നു സഹവർത്തിക്കുന്ന സഹോദരിമാരുടെയും നമ്മുടെ അയല്പക്കങ്ങളിലെയോ നാമറിയുന്ന സ്ത്രീകളോ കുട്ടികളോ ഇത്തരം മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു എങ്കിൽ അവരുടെ പ്രയാസങ്ങൾ അറിഞ്ഞ്, പ്രവർത്തിക്കാൻ ഓരോ സ്ത്രീകൾക്കും കഴിയണമെന്നും സൗദി കിഴക്കൻ പ്രവിശ്യയിലെ എഴുത്തുകാരി സോഫിയ ഷാജഹാൻ അഭിപ്രായപ്പെട്ടു.
സ്ത്രീ സുരക്ഷയെയും സ്ത്രീ സ്വാതന്ത്ര്യത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന നമ്മൾ തൊട്ടടുത്ത വീടുകളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പോലും അവരില്ലാതായി കഴിഞ്ഞു മാത്രമാണ് വാർത്താ മാധ്യമങ്ങൾ വഴി അറിയുന്നതെന്നും, ഇത്തരം കൂട്ടായ്മകൾ സമൂഹ നന്മയ്ക്കും കരുതലിനും വേണ്ടിയാവണം പ്രവർത്തിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.
പട്ടാമ്പി കൂട്ടായ്മ വനിത വേദി സംഘടിപ്പിച്ച ലോക വനിതാ ദിന സെമിനാർ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സമീപ സമയത്ത് യു എ ഇ – യിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സോഷ്യൽ മീഡിയയിലെ ആക്ടീവായിരുന്ന വീട്ടമ്മമാരുടെ ആത്മഹത്യകൾ ചൂണ്ടികാണിച്ചായിരുന്നു അവരുടെ പ്രസ്താവന. പ്രസിഡന്റ് നാഹിദ് സബ്രി അധ്യക്ഷതവഹിച്ച യോഗത്തിൽ ഷഹനാസ് മൻസൂർ, റാഹിബ, കൂട്ടായ്മയുടെ അഡ്വൈസറി ബോർഡ് ചെയർമാൻ മൊയ്തീൻ പട്ടാമ്പി ജനറൽ കമ്മിറ്റി പ്രസിഡന്റ് സക്കീർ പറമ്പിൽ, ജനറൽ സെക്രട്ടറി റസാക് കെ പി, ട്രഷറർ അഭിലാഷ് കൊപ്പം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സെമിനാറിന് വനിതാ വേദി ജനറൽ സെക്രട്ടറി സെൽമ ഷറഫുദ്ദീൻ സ്വാഗതവും സെക്രട്ടറി രേവതി അഭിലാഷ് നന്ദിയും പറഞ്ഞു.
ഷെറിൻ സഫ്വാൻ, ഷെറിൻ ഷിഹാബ്, ഷെറിൻ താഹിർ നസ്മിയ, ആരിഫ ഷാഹിദ്, റാഷിഫ, ബൽക്കീസ്, അൻവർ പതിയിൽ, ഷാഹിദ് വിളയൂർ, മാസിൽ,ജംഷിദ് കൈപ്പുറം, സബ്രി അബ്ദുൽ റസാഖ് , സഫ്വാൻ എന്നിവർ നേതൃതം നൽകി.
![]()
