മനാമ: രോഗിയുടെ വയറ്റിൽ കത്രിക വെച്ച് തുന്നിക്കെട്ടിയത് പോലുള്ള വലിയ അബദ്ധങ്ങൾ പോലും ന്യായീകരിക്കുന്ന ആരോഗ്യ മന്ത്രി വീണ ജോർജ് വെറും പരാജയമാണെന്ന് ഐ.വൈ.സി.സി ദേശീയ കമ്മിറ്റി വാർത്ത കുറിപ്പിൽ ആരോപിച്ചു. സ്വന്തം വകുപ്പിലെ വീഴ്ചകൾ മറച്ചുവെക്കാൻ മന്ത്രി ഇപ്പോൾ പോലീസിനെ കൂട്ടുപിടിച്ച് നാടകം കളിക്കുകയാണ്. മന്ത്രിയെ ആക്രമിച്ചു എന്ന് പറഞ്ഞ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുക്കുന്നത് ജനാധിപത്യവിരുദ്ധമാണ്.
മന്ത്രിയെ ആക്രമിക്കുന്ന ഒരു വീഡിയോയോ ചിത്രമോ പോലും പുറത്തുവിടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സി.പി.എം പറയുന്നത് കേട്ട് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കേരള പോലീസ്, ഇത്തരം കള്ളക്കഥകൾ കോടതിയിൽ വിലപ്പോവില്ലെന്ന് മനസ്സിലാക്കണം. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അടിച്ചമർത്താൻ നോക്കുന്നത് തരംതാഴ്ന്ന പരിപാടിയാണ്.
ഇല്ലാത്ത കഥകൾ ഉണ്ടാക്കി കേരളത്തിലുടനീളം കോൺഗ്രസ് പാർട്ടി ഓഫീസുകൾ തകർക്കുന്ന സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പോലീസിനെ മുൻനിർത്തി പ്രതിഷേധങ്ങളെ ഇല്ലാതാക്കാൻ നോക്കിയാൽ അത് നടക്കില്ല. സമരരംഗത്തുള്ള കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് ഐ.വൈ.സി.സി ദേശീയ കമ്മിറ്റി എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായി ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത്, ജനറൽ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറര്‍ ഷഫീക് സൈഫുദ്ധീൻ എന്നിവർ അറിയിച്ചു.
![]()
