നെടുമ്പാശേരി ∙ തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് തിരുച്ചിറപ്പിള്ളി തിരുവെരുമ്പൂർ മുഹമ്മദ് ഹനീബയെ (42) ആണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഈ കേസിൽ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2022 ജൂലൈ 17നാണ് വിദേശത്തേക്ക് കടത്താൻ ഏഴ് യുവതികളെ ഈ സംഘം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്.
കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തിരുച്ചിറപ്പള്ളിയിൽ നിന്നാണ് പിടികൂടിയത്. 30–40 പ്രായ പരിധിയിലുള്ള സ്ത്രീകളെ വീട്ടുജോലിക്കെന്നു പറഞ്ഞാണ് കൊണ്ടുപോകുന്നത്.
ഡിവൈഎസ്പി വി.രാജീവ്, എസ്ഐമാരായ സന്തോഷ് ബേബി, എൻ.സാബു, എഎസ്ഐ ഇ.ബി.സുനിൽ കുമാർ, എസ് സിപിഒമാരായ പി.ആർ.ശ്രീരാജ്, എൻ.എസ്.സുധീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
![]()
