ജിദ്ദ: ജിദ്ദ വനിത കെ.എം.സി.സി സംഘടിപ്പിച്ച ‘ചായല്‍ 2025’ ദേശീയ ഒപ്പന മത്സരം സമാപിച്ചു.ഏഴ് കരുത്തുറ്റ ടീമുകള്‍ മാറ്റുരച്ച വാശിയേറിയ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫിനോം ജിദ്ദ രണ്ടാം സ്ഥാനവും, കോഴിക്കോട് ജില്ലാ കെ.എം.സി.സി മൂന്നാം സ്ഥാനവും നേടി. ഓഡീഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏഴ് ടീമുകളാണ് കലാകിരീടത്തിനായി ഫൈനലില്‍ അണിനിരന്നത്. മലബാര്‍ അടുക്കള, ഈവ, ഇശല്‍, പാലക്കാട് ജില്ലാ കെ.എം.സി.സി എന്നിവയായിരുന്നു മറ്റു ടീമുകള്‍.
ഫിറോസ് ബാബു, ഷഹജ മലപ്പുറം, മുഷ്താഖ് മധുവായി എന്നിവരായിരുന്നു മത്സരത്തിന്റെ വിധിനിര്‍ണ്ണയം നടത്തിയത്.
ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു. അഹമ്മദ് പാളയാട്ട്, റസാഖ് മാസ്റ്റര്‍, ഇസ്മായില്‍ മുണ്ടക്കുളം, വി.പി. അബ്ദുല്‍ റഹ്മാന്, വി.പി. ഉബൈദുല്ല തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഷമീല പടിഞ്ഞാറേതില്‍ സ്വാഗതവും കുബ്ര ലത്തീഫ് നന്ദിയും പറഞ്ഞു.
മാപ്പിളപ്പാട്ട് വേദികളിലെ ജനപ്രിയ താരങ്ങളായ ഷഹജ മലപ്പുറം, അനീഷ് പട്ടുറുമാല്, അന്‍വര്‍ തിരൂരങ്ങാടി എന്നിവര്‍ നയിച്ച സംഗീത നിശ ജിദ്ദയിലെ കുടുംബങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.
![]()
