റഹീമിന്റെ ഇംഗ്ലീഷ് ഭാഷയെ ചൊല്ലി സമൂഹമാധ്യമങ്ങളിലും ചില മാധ്യമ വേദികളിലും ഉയർന്നുവന്ന ട്രോളുകളും പരിഹാസങ്ങളും നമ്മെ ഒരു നിമിഷം ചിന്തിപ്പിക്കേണ്ടതാണ്.ഒരു വ്യക്തിയുടെ ഭാഷാപരമായ അപാകതകൾ ചൂണ്ടിക്കാണിക്കുന്നത് അത്ര വലിയ തെറ്റല്ലെന്ന് ചിലർ വാദിച്ചേക്കാം. എന്നാൽ അതിന്റെ മറവിൽ ഒരു വലിയ വിഷയത്തെ, ഒരു സമൂഹത്തിന്റെ നിലവിളിയെ, നാം കാണാതെ പോകുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യമായി ഉയരുന്നത്.
റഹീം മാധ്യമങ്ങളുടെ മുന്നിലെത്തിയത് തന്റെ ഭാഷാ പ്രാവീണ്യം പ്രദർശിപ്പിക്കാനല്ല. കർണാടകയിൽ നടന്ന ബുൾഡോസർ നടപടികളിലൂടെ വീടുകളും ജീവിതവും നഷ്ടപ്പെട്ട പാവപ്പെട്ട മനുഷ്യരുടെ വേദന സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഭാഷ പിഴവുകളുള്ളതായിരുന്നേക്കാം, വാക്കുകൾ ഒഴുക്കോടെ വന്നില്ലായിരുന്നേക്കാം. പക്ഷേ പറയാൻ ശ്രമിച്ച ആശയം, അവിടെ നിറഞ്ഞുനിന്ന വേദന, നാം എത്രത്തോളം ഗൗരവത്തോടെ സ്വീകരിച്ചു എന്നതാണ് സ്വയം ചോദിക്കേണ്ടത്.
ഭാഷ ഒരു ആശയവിനിമയ ഉപാധിയാണ്. അത് ആശയത്തിന്റെ മൂല്യത്തെ നിർണയിക്കുന്ന മാനദണ്ഡമല്ല. ഇംഗ്ലീഷോ, മലയാളമോ, മറ്റേതെങ്കിലും ഭാഷയോ ഭാഷയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവന്റെ ഉദ്ദേശ്യവും സന്ദേശവും തള്ളിക്കളയുന്നത് ശരിയായ സമീപനമല്ല. പ്രത്യേകിച്ച്, മനുഷ്യാവകാശ ലംഘനങ്ങളെയും ഭരണകൂട അതിക്രമങ്ങളെയും കുറിച്ചുള്ള വിഷയങ്ങളിൽ, ഭാഷയെക്കാൾ വലിയ പ്രാധാന്യം വിഷയത്തിന്റെ ഗൗരവത്തിനാണ്.
റഹീം തന്നെ ഭാഷ മെച്ചപ്പെടുത്തുമെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. മാധ്യമങ്ങളുടെ മുമ്പിൽ സംസാരിക്കുമ്പോൾ കൂടുതൽ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന വസ്തുതയും എല്ലാവരും അംഗീകരിക്കുന്നതാണ്. അതിൽ ഒരു തർക്കവുമില്ല. വിമർശനം ആവശ്യമുള്ളിടത്ത് നിർമിതമായി വിമർശിക്കപ്പെടണം. എന്നാൽ വിമർശനം പരിഹാസമായും ട്രോളായും മാറുമ്പോൾ അത് വിഷയത്തെ വഴിതിരിപ്പിക്കുന്ന ആയുധമാകുന്നു.
ഇവിടെ ഏറ്റവും അപകടകരമായത്, ഭാഷയെക്കുറിച്ചുള്ള ചർച്ചകൾ കർണാടകയിലെ ബുൾഡോസർ രാജിനെ മറവിയിലേക്ക് തള്ളുന്ന പ്രവണതയാണ്. വീടുകൾ തകർക്കപ്പെട്ടവർ, തെരുവിലായ കുടുംബങ്ങൾ, നിയമപരമായ സംരക്ഷണം പോലും ലഭിക്കാതെ ദുരിതത്തിലായ മനുഷ്യർ ഇവരുടെ വേദനയാണ് യഥാർത്ഥത്തിൽ സമൂഹത്തിന്റെ ചർച്ചാവിഷയമാകേണ്ടത്. പക്ഷേ ഭാഷാ ട്രോളുകൾ ആ വേദനയെ പിന്നിലേക്ക് തള്ളുകയാണ് ചെയ്യുന്നത്.
ഇത് ആദ്യമായല്ല. മുമ്പും പലപ്പോഴും, സാധാരണക്കാരായ മനുഷ്യർ ഇംഗ്ലീഷിലോ മറ്റു ഭാഷകളിലോ സംസാരിക്കുമ്പോൾ പിഴവുകൾ വന്നതിന്റെ പേരിൽ പരിഹസിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, ശക്തരായവരുടെ തെറ്റുകളും അതിക്രമങ്ങളും നിസ്സാരമായി കടന്നുപോകുകയും ചെയ്തു. ഇത് നമ്മുടെ സാമൂഹിക മുൻഗണനകളെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വലിയ ഉത്തരവാദിത്തം വഹിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരു വിഷയം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു, എന്താണ് ഹൈലൈറ്റ് ചെയ്യപ്പെടുന്നത്,എന്താണ് തമാശയായി മാറുന്നത് ഇതെല്ലാം പൊതുജനാഭിപ്രായത്തെ ശക്തമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
അതിനാൽ തന്നെ, ഭാഷയെ ട്രോളി മനുഷ്യവേദനയെ കാണാതെ പോകുന്നത് നമ്മുടെ മനുഷ്യത്വത്തിന്റെ പരാജയമായി മാറുന്നു.
ഇംഗ്ലീഷ് നന്നായി സംസാരിക്കുന്നതുകൊണ്ടല്ല ഒരാൾക്ക് നീതിക്കുവേണ്ടി സംസാരിക്കാൻ അവകാശം ലഭിക്കുന്നത്. പിഴവുകളുള്ള ഭാഷയിൽ പോലും സത്യം പറയുന്നവന്റെ ശബ്ദം കേൾക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കിൽ നാം ഭാഷയെ ഒരു ആയുധമാക്കി, പാവപ്പെട്ടവരെ വീണ്ടും വീണ്ടും മൗനത്തിലേക്ക് തള്ളുന്നവരായി മാറും. റഹീമിന്റെ ഭാഷ മെച്ചപ്പെടാം, മെച്ചപ്പെടും.പക്ഷേ കർണാടകയിലെ ബുൾഡോസർ നടപടികളിലൂടെ അനുഭവിക്കപ്പെട്ട വേദന മറവിയിലാകരുത്. ഭാഷയെ ചൂണ്ടി മനുഷ്യരെ പരിഹസിക്കുന്നതിനു പകരം, മനുഷ്യരെ ചൂണ്ടി നീതി തേടുന്ന ശബ്ദങ്ങളെ നാം പിന്തുണയ്ക്കണം..!
എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
7592956315
![]()
