റിയാദ്: സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നവംബറിൽ തുടക്കം കുറിക്കും. 2001 ജനുവരി ഒന്നിന് രൂപം നൽകിയ ഈ സംഘടന, 25 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷപരമ്പരയ്ക്ക് രൂപം നൽകിയതായി സംഘടക സമിതി ഭാരവാഹികൾ റിയാദ് ഷെറോട്ടൻ ഫോർ പോയിന്റ്സിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
2025 നവംബർ മുതൽ 2026 ഡിസംബർ വരെ, 25 തലക്കെട്ടുകളിലായി കല, കായിക, സാംസ്കാരിക, സാഹിത്യ മേഖലകളിലെ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വാർഷികാഘോഷങ്ങളുടെ വിജയത്തിനായി ചെയര്മാന് ഷാജി റസാഖ്, കൺവീനര് സുനില് കുമാര്, ട്രഷറർ സുനില് സുകുമാരൻ എന്നിങ്ങനെ 151 അംഗ സംഘാടക സമിതി നേരത്തെ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.
റിയാദിലും സമീപ പ്രദേശങ്ങളായ അൽഖർജ്, ദാവത്മി, അഫ്ലാജ്, ഹോത്ത, അരീക്ക്, മജ്മ, തുമൈർ എന്നിങ്ങന്നെ റിയാദിൽ വ്യാപിച്ചു കിടക്കുന്ന സംഘടനാ പ്രവർത്തനത്തിൽ കഴിഞ്ഞ 25 വർഷത്തിനിടെ 20,000 ത്തിൽ അതികം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട്. കേളിയുടെ ഉപരികമ്മറ്റിയായ രക്ഷാധികാരി സമിതിക്ക് കീഴിൽ കേളി കലാസാംസ്കാരിക വേദി, കേളി കുടുംബ വേദി, ഖസീം പ്രവാസി സംഘം, റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്, പൊതു വായനാ വേദിയായ ചില്ല സർഗവേദി, എന്നിവയാണ് പ്രവർത്തിക്കുന്നത്. ഇരുപത്തി അഞ്ച് വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ കേന്ദ്ര കമ്മറ്റിക്ക് കീഴിൽ 15 ഏരിയ കമ്മറ്റികളും, 75 യൂണിറ്റ് കമ്മറ്റികളും പ്രവർത്തിക്കുന്നു. ജീവകാരുണ്യം, സാംസ്കാരികം, സ്പോർട്സ്, മാധ്യമം, നവമാധ്യമം എന്നീ സബ് കമ്മറ്റികൾ കേളിയുടെ കേന്ദ്ര കമ്മറ്റിക്ക് കീഴിലും, എല്ലാ ഘടകങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കേളിയുടെ പിറവിയിലൂടെ റിയാദിലെ പ്രവാസി സംഘടനകൾക്ക് ഒരു ദിശാബോധം നൽക്കാൻ കേളിക്കായി.
നിരവധി പ്രവർത്തനങ്ങൾക്കാണ് സൗദി അറേബ്യയിൽ കേളി തുടക്കം കുറിച്ചത്.
റിയാദിലെ ബത്ത സിറ്റികകത്തെ തുറന്ന പ്രദേശത്ത് ആദ്യമായി 8 വർഷം തുടർച്ചയായി വോളീബോൾ മത്സരം, സ്കൂൾ കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാൻ റിയാദിലെ വിവിധ സ്കൂളുകളെ കോർത്തിണക്കി കേരള സ്കൂൾ യുവജനോത്സവം മാതൃകയിൽ തീർത്ത യുവജനോത്സവങ്ങൾ, കുട്ടികൾക്കായി സ്കൂൾ തലത്തിൽ ഫുട്ബാൾ മത്സരം ,മുഖ്യധാരാ സംഘടനകളുടെ നേതൃത്വത്തിൽ ആദ്യമായൊരുക്കിയ ക്രിക്കറ്റ് ടൂർണമെന്റ് , ജിസിസി രാജ്യങ്ങളിലെ ടീമുകളെ അണിനിരത്തി വടം വലി മത്സരം, ആയിരങ്ങളെ പങ്കാളികളാക്കി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ്, 5000ത്തിൽ പരം പ്രവാസികൾക്ക് ഒറ്റ വേദിയിൽ ഓണ സദ്യ, പ്രവാസികൾക്കായി സൗജന്യ മേഘാഷോ, കുട്ടികൾക്കായി മധുരം മലയാളം എന്നപേരിൽ മലയാളം ക്ലാസുകൾ, പ്രവാസികൾക്കായി മലയാളം സാക്ഷരതാ ക്ലാസ്, കംമ്പ്യൂട്ടർ പഠന ക്ലാസ്, മുഖപ്രസംഗം ഓഡിയോ സംപ്രേക്ഷണം, പ്രവർത്തകർക്ക് ക്ഷേമ പെൻഷൻ, ഹൃദയപൂർവ്വം കേളി (ഒരു ലക്ഷം പൊതിച്ചോറ്) പദ്ധതി, ഉപരി പഠനത്തിന് അർഹരായ കുട്ടികൾക്കുള്ള വിദ്യാഭ്യാസ പ്രോൽസാഹന പുരസ്കാരം, കേളി കുടുംബ സുരക്ഷാ പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാൻ കേളിക്ക് കഴിഞ്ഞു.
നാട്ടിലെ ആശുപത്രികൾക്ക് 5 ഡയാലിസിസ് മെഷീൻ, ആംബുലൻസ്, കിടപ്പ് രോഗികൾക്കും, പ്രത്യേകം പരിചരണം ആവശ്യമുള്ളവർക്കും വേണ്ടി പ്രവർത്തിക്കുന്നവർക്ക് കൈത്താങ്ങായുള്ള സഹായങ്ങൾ, മഹാമാരി, പ്രളയം, ചൂരൽമല ഉരുൾ പൊട്ടൽ തുടങ്ങീ പ്രകൃതി ദുരന്തങ്ങളിൽ കേരള സർക്കാരിനൊപ്പം ചേർന്നുള്ള സഹായ ഹസ്തങ്ങൾ തുടങ്ങീ എണ്ണിയാലലൊടുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ഈ 25 വർഷത്തിനിടെ കേളിക്ക് സാധിച്ചിട്ടുണ്ട്. നേപ്പാൾ ഭൂകമ്പം, ഗുജറാത്ത് ഭൂകമ്പം, ചെന്നൈ പ്രളയം തുടങ്ങീ കേരളത്തിനും, രാജ്യത്തിനും പുറത്തേക്ക് കേളിയുടെ സഹായ ഹസ്തങ്ങൾ നീണ്ടു.
മാത്രമല്ല കായിക രംഗത്തും കലാസാംസ്കാരിക രംഗത്തും മാധ്യമ രംഗത്തും, നവ മാധ്യമ രംഗത്തും റിയാദിലെ പ്രവാസികൾക്കിടയിൽ നിറസാന്നിധ്യമകാൻ കേളിക്ക് കഴിഞ്ഞു.
സൗദിയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക ഐക്യവും സഹജീവനബോധവും വളർത്തിക്കൊണ്ടുള്ള 25 വർഷത്തെ യാത്ര കേളിക്ക് എന്നും അഭിമാനത്തിന് ഇടനൽകുന്നത്താണ്. പുതിയ തലമുറയെ കലാ സാംസ്ക്കാരിക -സാമൂഹിക പ്രവർത്തനങ്ങളിലേക്ക് ചേർക്കുക എന്നതാണ് സിൽവർ ജൂബിലി വർഷത്തിന്റെ മുഖ്യ ലക്ഷ്യം. വാർഷിക പരിപാടികളിൽ സ്ത്രീ–യുവജന വിഭാഗങ്ങൾക്കും കുടുംബങ്ങൾക്കും പ്രത്യേകം വിഭാഗങ്ങൾ ഒരുക്കിയിട്ടുണ്ട്.
താഴെ പറഞ്ഞ പരിപാടികൾക്ക് പുറമെ വർഷംതോറും തടത്തിവരുന്ന മെഗാ രക്തദാനം സിൽവർ ജൂബിലിയുടെ ഭാഗമായി റെക്കോർഡ് പങ്കാളിത്തത്തോടെ നടത്തും.
ഒരു വർഷം നീളുന്ന ഈ ആഘോഷപരമ്പര 2025 നവംബർ മുതൽ 2026 ഡിസംബർ വരെയാണ്. കലാ, കായിക, സാംസ്കാരിക, സാഹിത്യ മേഖലകളിലായി 25 പ്രധാന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
2025
നവംബർ: കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ (KABB)
ഡിസംബർ: കേളി സാഹിത്യോത്സവം ( KLF)
2026 -ജനുവരി:
കേളി സിൽവർ കളിതട്ട് ( കേളി ദിനം), കേളി സിൽവർ മെഹന്തി ഫെസ്റ്റിവൽ, ഷെഫ് മത്സരം (കുട്ടികൾക്കും, മുതിർന്നവർക്കും വെവ്വേറെ)
ഫെബ്രുവരി:
നൃത്തമത്സരം – സിംഗിൾ, ഗ്രൂപ്പ് നൃത്തമത്സരങ്ങൾ
മാർച്ച്:
രചനാമത്സരം, കേളി സിൽവർ നൈറ്റ് (മെഗാ ഷോ)
ഏപ്രിൽ:
നാടകോത്സവം
മെയ്:
ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, വിപ്ലവഗാനോത്സവം, ഗസൽ നൈറ്റ്, ഇശൽ നൈറ്റ്
ജൂൺ:
ചലച്ചിത്രോത്സവം
ജൂലൈ:
ചെസ്സ്, കാരംസ്, ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പുകൾ
ഓഗസ്റ്റ്:
ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്
സെപ്റ്റംബർ:
നാടൻപാട്ട് മഹോത്സവം
ഒക്ടോബർ:
മാജിക്കൽ ഇവന്റ്
നവംബർ:
വരയരങ്ങ് ( വിവിധ വിഭാഗങ്ങൾക്ക് വെവ്വേറെ)
ഡിസംബർ:
അറേബ്യൻ വടംവലി മത്സരം, വോളിബോൾ ചാമ്പ്യൻഷിപ്പ്.
നവംബറിൽ നടക്കുന്ന ആദ്യ പരിപാടിയായ ‘കേളി അറേബ്യൻ ബ്രെയിൻ ബാറ്റിൽ (KABB)’ പ്രശസ്ത ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ് നയിക്കുന്ന പരിപാടിയാണ്. റിയാദിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ കോർത്തിണക്കി അക്കാഡമിക് തലത്തിൽ ഗ്രാൻഡ് മാസ്റ്റർ പരിപാടി അവതരിപ്പിക്കും. തുടർ പരിപാടികൾ അതത് അവസരത്തിൽ ലഭ്യമാകുന്ന പ്രമുഖരെ ഉൾപ്പെടുത്തിയാകും നടത്തുക.
ജനുവരിയിൽ നടക്കുന്ന ‘കളിത്തട്ട് ( കേളി ദിനം)’ കേളി അംഗങ്ങൾക്കും കുടുംബവേദി അംഗങ്ങൾക്കും കുട്ടികൾക്കും തങ്ങളുടെ കഴിവുകൾ പ്രകടമമാക്കാനുള്ള വേദിയാണ്. മെഹന്തി ഫെസ്റ്റിവൽ, ഷെഫ് മത്സരം തുടങ്ങിയ പൊതു സമൂഹത്തിനും. നൃത്തമത്സരങ്ങൾ റിയാദിലെ നൃത്ത വിദ്യാലയങ്ങൾക്ക് മാറ്റുരയ്ക്കാനും അവസരമൊരുക്കും.
മെഗാഷോ റിയാദ് ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകൾ ഒരുക്കിയാകും അരങ്ങേറുക. കായിക ഇനങ്ങളിൽ ഒരുകാലത്ത് റിയാദിൻ്റെ ഹൃദയഭാഗത്ത് അരങ്ങറിയ കേളി വോളീബോൾ ഒരിടവേളയ്ക്ക് ശേഷം പഴയ ആവേശം ചോരാതെ ഒൻപതാമത് പതിപ്പ് അരങ്ങേറും. സിൽവർ ജൂബിലിയുടെ സമാപനം ജിസിസി രാജ്യങ്ങളിലെ ടീമുകളെ ഉൾപ്പെടുത്തി രണ്ടാമത് കേളി അറേബ്യൻ വടംവലിയോടെ ആയിരിക്കും. കേളിയുടെ സിൽവർ ജൂബിലി വർഷം റിയാദിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സാംസ്കാരിക സമൃദ്ധിയുടെയും പ്രതീകമായിരിക്കും. കഴിഞ്ഞ 25 വർഷത്തെ പ്രയാണത്തിൽ കേളിയുടെ വളർച്ചയിലും പ്രവർത്തനത്തിലും സഹകരിച്ച എല്ലാവർക്കും സംഘാടന ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്,സെക്രട്ടറി സുരേഷ് കണ്ണപുരം,പ്രസിഡൻ്റ് സെബിൻ ഇക്ബാൽ,ട്രഷറർ ജോസഫ് ഷാജി,കൺവീനർ സുനിൽ തിരുവനന്തപുരം,ചെയർമാൻ ഷാജി റസാഖ് എന്നിവർ പങ്കെടുത്തു.
![]()
