ജെൻസി നയിക്കുന്ന ഹിമാലയൻ ഉണർവ് എന്ന് അൽജസീറ വിശേഷിപ്പിച്ച ജനകീയ പ്രക്ഷോഭം ഇന്ന് ലഡാക്കിൽ ശക്തമായി ഉയർന്നു കൊണ്ടിരിക്കുന്നു. സംസ്ഥാന പദവിക്കും, സ്വയംഭരണാവകാശത്തിനും വേണ്ടി ലേയിൽ അരങ്ങേറുന്ന സമരത്തിന്റെ പ്രത്യേകത — യുവാക്കൾ തന്നെയാണ് മുന്നണി നയിക്കുന്നത്.
2019 വരെ ജമ്മു-കാശ്മീരിന്റെ ഭാഗമായിരുന്ന ലഡാക്ക്, പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം പ്രത്യേകം കേന്ദ്രഭരണ പ്രദേശമായി മാറി. അന്ന് ലഡാക്ക് ജനങ്ങൾ ആശ്വാസത്തോടെ മാറ്റത്തെ വരവേറ്റു. എന്നാൽ കേന്ദ്രഭരണത്തിൻ കീഴിൽ ആവശ്യങ്ങൾ ഉന്നയിക്കാനും അവകാശങ്ങൾ ഉറപ്പിക്കാനും വേദിയില്ലാതായപ്പോൾ, ജനങ്ങളുടെ വിശ്വാസം ചിതറിത്തുടങ്ങി. ഏക ലോക്സഭാ അംഗത്തിന്റെ പ്രതിനിധാനം മാത്രം മതിയാകില്ലെന്ന് അവർ തിരിച്ചറിഞ്ഞു.
പ്രക്ഷോഭത്തിന്റെ തുടക്കം
2024 മാർച്ചിലാണ് സംസ്ഥാന പദവിയും, ആറാം ഷെഡ്യൂൾ പ്രകാരം ഗോത്ര പദവിയും ആവശ്യപ്പെട്ട് ജനങ്ങൾ രംഗത്തിറങ്ങിയത്. കേന്ദ്രം ആദ്യം ആർട്ടിക്കിൾ 371-ന് സമാനമായ പദവി വാഗ്ദാനം ചെയ്തെങ്കിലും, അത് നടപ്പായില്ല. തുടർച്ചയായ ആശ്വാസവാക്കുകൾ മാത്രം ലഭിച്ചതോടെ ജനങ്ങൾ വീണ്ടും തെരുവിലിറങ്ങുകയായിരിക്കുന്നു.
ആറാം ഷെഡ്യൂളിന്റെ പ്രാധാന്യം
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകൾക്ക് സ്വയംഭരണം ഉറപ്പാക്കുന്ന ഭരണഘടനാപട്ടികയാണ് ആറാം ഷെഡ്യൂൾ. ഭൂമി, സംസ്കാരം, സാമൂഹിക ഘടന തുടങ്ങിയവയെ സംരക്ഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ലഡാക്ക് അതിർത്തി പ്രശ്നങ്ങൾ കൊണ്ട് സങ്കീർണ്ണമായ മേഖലയാണ്. കാർഗിലും, ഗാൽവാനും, ചൈനീസ് കയ്യേറ്റങ്ങളും എല്ലാം ചേർന്ന് സുരക്ഷിതത്വം അനിവാര്യമാണ്. സ്വയംഭരണം ലഭിക്കുമ്പോഴേ ജനങ്ങളുടെ പങ്കാളിത്തത്തോടെ സുരക്ഷയും വികസനവും ഉറപ്പാക്കാൻ സാധിക്കൂ.
പാരമ്പര്യമായി ബുദ്ധസംസ്കാരത്തിന്റെ നിലപാട് പുലർത്തുന്ന ലഡാക്ക്, പുറത്തുനിന്നുള്ള അമിത ഇടപെടലുകൾ മൂലം ഭാഷയും ആചാരങ്ങളും കളങ്കപ്പെടുമെന്ന ഭയത്തിലാണ്. കൂടാതെ ധാതു സമ്പത്തുകൾ നിറഞ്ഞ പ്രദേശമായതിനാൽ കോർപ്പറേറ്റ് ഖനന പദ്ധതികൾ പരിസ്ഥിതിയെ തകർക്കുമെന്ന ആശങ്കയും ജനങ്ങൾക്ക് ഉണ്ട്. സ്വയംഭരണാവകാശം ലഭിക്കുന്നത് അവർക്കൊരു പ്രതിരോധ കവചമാകും.
സോനം വാങ്ചുക്കിന്റെ വഴികാട്ടൽ
പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിക്ഷേകനുമായ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം ലഡാക്കിന്റെ പ്രതിസന്ധികളെ ദേശീയ തലത്തിൽ ശ്രദ്ധേയമാക്കി. ആയിരങ്ങൾ അദ്ദേഹത്തെ പിന്തുണച്ച് സമരവേദിയിൽ എത്തുന്നത്, പ്രക്ഷോഭത്തിന്റെ ജനകീയത തെളിയിക്കുന്നു. എന്നാൽ കേന്ദ്രം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ സംശയത്തിന്റെ കണ്ണിൽ കാണുന്നത്, പ്രശ്നം കൂടുതൽ രൂക്ഷമാക്കാനേ ഇടയാക്കൂ.
സർക്കാരിന്റെ ഉത്തരവാദിത്തം
ലഡാക്ക് ഇന്ന് വഴിത്തിരിവിലാണ്. സംസ്ഥാന പദവിയും ആറാം ഷെഡ്യൂളും ലഭിക്കാതെ, ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടും തകരുകയാണെങ്കിൽ അത് രാജ്യത്തിന്റെ അതിർത്തി സുരക്ഷയ്ക്കുതന്നെ ഭീഷണിയാകും. കേന്ദ്രസർക്കാർ സംയമനം പാലിച്ച്, ജനങ്ങളുടെ ആഗ്രഹങ്ങളെ അംഗീകരിച്ച്, ലഡാക്കിന്റെ ഭൂമിയും സംസ്കാരവും സംരക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
മിദ്ലാജ് കാക്കവയൽ
![]()
