റിയാദ് : നായനാർ സർക്കാരുകളുടെ ഭരണ പരിഷ്കാരങ്ങൾ കാലഘട്ടത്തിന്റെ അതിജീവനത്തിന് കരുത്ത് പകരുന്ന ചുവടുകളായിരുന്നു എന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എൻ രതീന്ദ്രൻ അഭിപ്രായപ്പെട്ടു. ജനകീയാസൂത്രണം വഴി കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ വന്നിട്ടുള്ള മാറ്റങ്ങളും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തു പിടിച്ചു നടപ്പിലാക്കിയ വിവിധ ക്ഷേമ പദ്ധതികളും സമീപ കാലങ്ങളിൽ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ കേരള ജനതക്ക് ഊർജ്ജം പകരുന്നവയായി.
റിയാദിൽ കേളി കലാസാംസ്കാരിക വേദി സംഘടിപ്പിച്ച നായനാർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകൻ, എഴുത്തുകാരൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, കേരളാ സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറി, ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന എൻ രതീന്ദ്രൻ റിയാദിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിയതായിരുന്നു.
കേളി കേന്ദ്ര രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ അൽ ഹയർ അൽ ഒവൈധ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി ആമുഖ പ്രഭാഷണവും ടി ആർ സുബ്രഹ്മണ്യൻ സ്വാഗതവും പറഞ്ഞു. ഷമീർ കുന്നുമ്മൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യിൽ, സുരേന്ദ്രൻ കൂട്ടായ്, ചന്ദ്രൻ തെരുവത്ത്, ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ സെക്രട്ടറി സുരേഷ് കണ്ണപുരം കേളി സാംസ്കാരിക കമ്മറ്റി കൺവീനർ ഷാജി റസാഖ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ നന്ദി പറഞ്ഞു.
![]()
