ജിദ്ദ: ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന പോരാട്ടങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് അല്‍ സഫ ഏരിയ കെഎംസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം, ബോധവല്‍ക്കരണ ക്ലാസുകള്‍, രാഷ്ട്രീയ ചര്‍ച്ചകള്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു.
ഏരിയ പ്രസിഡന്റ് നസീര്‍ പെരുമ്പള അധ്യക്ഷത വഹിച്ചു.സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി പി മുസ്തഫ സംഗമം ഉദ്ഘാടനം ചെയ്തു.
ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാഷ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജിദ്ദ കെഎംസിസി സെക്രട്ടറി ഇസ്ഹാഖ് പുണ്ടോളി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും ഇന്ത്യന്‍ മതേതരത്വത്തിന് അദ്ദേഹം നല്കിയ സംഭാവനകളും അനുസ്മരിച്ചു. നാഷണല്‍ കെഎംസിസി സെക്രട്ടറി നാസര്‍ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി.
സമീര്‍ ആമയൂരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആവേശകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി. ചടങ്ങില്‍ വെച്ച്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിലേക്ക് കടന്നുവന്ന മുനീര്‍ മൈലപ്പുറത്തിന് സ്നേഹാദരം നല്കി. ഏരിയ ചെയര്മാന് മുഹമ്മദ് സമീര്‍ പ്രമേയം അവതരിപ്പിച്ചു. റഹീം കോയ തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അബ്ദുല്‍ കരീം നോര്‍ക്ക പ്രവാസി ക്ഷേമനിധിയെക്കുറിച്ചും, വെല്‍ഫെയര്‍ വിങ്ങ് ചെയര്മാന് മുഹമ്മദ് കുട്ടി പാണ്ടിക്കാട് സൗദി അറേബ്യയിലെ നിയമവശങ്ങളെക്കുറിച്ചും ക്ലാസെടുത്തു. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ചടങ്ങില്‍ സമീര്‍ ആമയൂര്‍ സ്വാഗതവും ട്രഷറര്‍ ഷംസുദ്ദീന് കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
![]()
