പെരിന്തൽമണ്ണ : നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ ഭാഗമായുളള അദാലത്ത് മലപ്പുറം പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു മണി വരെ നടന്ന അദാലത്തില്‍ 88 പേര് പങ്കെടുത്തു. നോര്‍ക്ക റൂട്ട്സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി.രവീന്ദ്രന് നേതൃത്വം നല്കി.
മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും സാന്ത്വന പദ്ധതി പ്രകാരം പ്രവാസികേരളീയര്‍ക്ക് ലഭ്യമാണ്. അര്‍ഹരായവര്‍ക്ക് www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
![]()
