കോട്ടയം : ‘ഇനി ഉമ്മൻചാണ്ടി സാറിന്റെ ശബ്ദം അനുകരിക്കില്ല’!..കണ്ഠമിടറിയാണ് നസീർ പറഞ്ഞത്.
നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിന്റെ ഉമ്മൻ ചാണ്ടിയുടെ വിയോഗം അറിഞ്ഞപ്പോഴുള്ള ആദ്യ പ്രതികരണമായിരുന്നു.
ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രി ആയപ്പോഴാണ് ഒരു ചാനലിന് വേണ്ടി നസീർ അദ്ദേഹത്തിന്റെ ശബ്ദവും രൂപവുമായി മാറിയത് .പിന്നീട് ആയിരക്കണക്കിന് മിമിക്രി വേദികളിലും സ്റ്റേജ് ഷോകളിലും യഥാർത്ഥ ഉമ്മൻചാണ്ടിയെ കടത്തിവെട്ടുന്ന രൂപത്തിലും ഭാവത്തിലും നസീർ നിറഞ്ഞു നിന്ന് .പിന്നീട് അനവധി കലാകാരൻമാർ ഉമ്മൻചാണ്ടിയെ അനുകരിക്കാൻ തുടങ്ങി .
ഞാൻ അദ്ദേഹത്തെ അനുകരിക്കുന്നത് സാറിന് വലിയ ഇഷ്ടമായിരുന്നു, അതിലെ നർമം വളരെയേറെ ആസ്വദിക്കാറുണ്ടെന്ന് പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് ഒരു വലിയ അംഗീകാരമായി തന്നെ കാണുകയാണെന്നു നസീർ പറഞ്ഞു.എപ്പോൾ കണ്ടാലും വലിയ സ്നേഹത്തോടെയാണ് ഇടപഴകിയിരുന്നത്. സ്നേഹത്തോടെ ചേർത്ത് പിടിച്ചിട്ടുള്ള ആളാണ്.
വ്യക്തിപരമായി വലിയ അടുപ്പമാണ് സൂക്ഷിച്ചിരുന്നത്. എന്റെ പിതാവ് മരിച്ചപ്പോൾ അദ്ദേഹം വീട്ടിൽ വന്നിരുന്നു. ആരെയും ഒരു നോക്ക് കൊണ്ടോ വാക്ക് കൊണ്ടോ വേദനിപ്പിക്കുമായിരുന്നില്ലന്നു നസീർ അനുസ്മരിച്ചു.ഉമ്മൻചാണ്ടി രോഗാവസ്ഥയിൽ ആയതിനു ശേഷം നസീർ വേദികളിൽ അദ്ദേഹത്തെ അനുകരിച്ചിരുന്നില്ല.ഇനി ഒരിക്കലും നസീറിന്റെ കണ്ഠങ്ങളിൽ നിന്ന് പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞിന്റെ ശബ്ദം വേദികളിൽ കേൾക്കാൻ പറ്റില്ല.
![]()
