അബുദാബി: അബുദാബിയിലെ പ്രവാസികളായ വൃക്ക രോഗികള്‍ക്ക് ആശ്വാസകരമായ വാർത്ത .വൃക്ക തകരാറിലായ താമസക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിനായി അബുദാബിയില്‍ ഒരു പുതിയ ഡയാലിസിസ് സെൻ്റര്‍ പ്രവര്‍ത്തനം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഏകീകൃത പ്ലാറ്റ്ഫോമിലൂടെ സാമൂഹിക സംഭാവനകള്‍ സ്വീകരിക്കുന്നതിനായുള്ള അബുദാബി സര്‍ക്കാരിൻ്റെ ഔദ്യോഗിക ചാനലായ അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്ട്രിബ്യൂഷന്- മഅന്‍ എന്ന ഏജന്‍സിയുടെ നേതൃത്വത്തിലാണ് സെഹ അബുദാബി ഡയാലിസിസ് സെൻ്റര്‍ ആരംഭിച്ചത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ഗ്രൂപ്പായ പ്യുര്ഹെല്ത്തും അനുബന്ധ സ്ഥാപനമായ സിഹയും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. മഅന്‍ പദ്ധതിക്കു കീഴില്‍ അടുത്തിടെ ആരംഭിച്ച ‘സമൂഹത്തില്‍ നിന്ന് സമൂഹത്തിലേക്ക്’ എന്ന സംരംഭത്തിന്റെ ഭാഗമാണ് ഈ സൗജന്യ ഡയാലിസിസ് പദ്ധതി.
അബുദാബിയിലെ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം, തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയരാകുന്ന 112 രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കും. ഭാവിയില്‍ പെരിറ്റോണിയല്‍ ഡയാലിസിസ് നല്‍കാനും പദ്ധതിയിടുന്നതായി അധികൃതര്‍ അറിയിച്ചു.
![]()
