റിയാദ് : ജീവകാരുണ്യ രംഗത്ത് റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ രണ്ടു പതിറ്റാണ്ട് പൂർഗറ്റിയാകുന്നതിന്റെ ഭാഗമായി “കാരുണ്യഹസ്തം ” പദ്ധതിയിലൂടെ അർബുദ രോഗികൾക്ക് ഇരുപത് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .കരുനാഗപ്പള്ളി താലൂക്കിൽപ്പെട്ട 200 ക്യാൻസർ രോഗികൾക്കായി പതിനായിരം രുപ വെച്ച് സാമ്പത്തിക സഹായം നൽകും.2025 ഏപ്രിൽ അവസാനവാരം കരുനാഗപ്പള്ളിയിൽ വെച്ച് അർഹതപ്പെട്ടവർക്ക് തുക കൈമാറുന്നതാണ്. പ്രസ്തുത ചടങ്ങിൽ ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
മൈത്രി കാരുണ്യ ഹസ്തം പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അപേക്ഷ ഫോം ഏപ്രിൽ 2 ബുധനാഴ്ച്ച രാവിലെ 10 മണി മുതൽ ഏപ്രിൽ 7 വരെ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് സമീപത്തുള്ള വൈദ്യുതി ഭവന് എതിർവശത്ത് ഷാലിമാർ വില്ലയിൽ പ്രവർത്തിക്കുന്ന മൈത്രി ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം ഏപ്രിൽ 10 വ്യാഴ്ച്ച വൈകിട്ട് 5 മണിക്ക് മുമ്പായിട്ട് മൈത്രി ഓഫീസിൽ തിരിച്ച് ഏൽപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്
+91 799 4343 560 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

റിയാദിലുള്ള കരുനാഗപ്പള്ളി താലൂക്കുകാരുടെ കൂട്ടായ്മയായി 2005 ൽ രൂപവത്കരിച്ചതാണ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന കൂട്ടായ്മ ഇതിനോടകം ആലംബഹീനരും രോഗികളും പാവപ്പെട്ടവരുമായ നിരവധി പേർക്ക് ആശ്വാസം പകർന്നു കഴിഞ്ഞു. കരുനാഗപ്പള്ളി പ്രദേശക്കാരുടെ കൂട്ടായ്മയാണെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഗുണഫലം ദേശ, ഭാഷ, മത വ്യത്യാസമില്ലാതെ കാസർകോട് മുതൽ കന്യാകുമാരി വരെയുള്ള ആളുകൾക്ക് സഹായങ്ങൾ എത്തിക്കുവാൻ മൈത്രിക്ക് കഴിഞ്ഞിട്ടുണ്ട്. തുടർന്നും ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങളുടെ ഗുണഭോക്താക്കൾ പൊതുസമൂഹമായിരിക്കും. ഇതിനോടകം മൈത്രിക്ക് രണ്ടര കോടിയോളം രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകി സഹായിക്കാൻ സാധിച്ചിട്ടുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന ഈ കൂട്ടായ്മ കലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലും സുസ്ത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്മാന് മുനമ്പത്ത്, ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ, ജനറൽ കൺവീനറും, അഡ്വൈസറി ബോർഡ് ചെയർമാനുമായ ഷംനാദ് കരുനാഗപ്പള്ളി, ചെയർമാൻ ബാലുക്കുട്ടൻ, ജീവകാരുണ്യ കൺവീനർ അബ്ദുൽ മജീദ്, വൈസ് പ്രസിഡന്റ്മാരായ നസീർ ഖാൻ, നസീർ ഹനീഫ എന്നിവർ പങ്കെടുത്തു.
![]()
