ജിദ്ദ- സാംസ്കാരിക ദേശീയതയിലൂടെ രാജ്യത്ത് സ്ഥാപിതമാകുന്ന അധീശവ്യവസ്ഥയെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇതിനുള്ള പ്രായോഗിക മാര്‍ഗമെന്ന നിലയില്‍ ജാതി സെന്‍സസിനായുള്ള ആവശ്യം മതേതര രാഷ്ട്രീയ കക്ഷികള്‍ സജീവമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജിദ്ദയില്‍ പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ റീജ്യന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ പൊതുബോധത്തില്‍ ജാതീയതയെ സ്ഥിരമായി പ്രതിഷ്ഠിക്കാന്‍ സവര്ണബ്രാഹ്മണ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ഇരകള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് ഉപബോധമനസ്സില്‍ ജാതി പ്രവര്‍ത്തിക്കുന്നത്. ഭരണമാറ്റം കൊണ്ടുമാത്രം ഇതിന് അറുതി വരുത്താനാവില്ലെന്നും എല്ലാറ്റിനും പുതിയ വ്യാഖ്യാനങ്ങള്‍ ചമച്ച് രൂപപ്പെടുത്തിയെടുക്കുന്ന പൊതുബോധ നിര്‍മിതിയിലൂടെ ഇരകള്‍പോലും വേട്ടക്കാരന് വേണ്ടി സംസാരിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബ്രാഹ്മണ്യ വ്യവസ്ഥിതിയില്‍ എല്ലാവരും തുല്യരല്ല. ജന്മം കൊണ്ട് മഹത്വവും അധമത്വവും തീരുമാനിക്കപ്പെടുന്നു. ജാതിവിവേചനത്തെ മഹത്വവത്കരിക്കുകയാണ് സവര്‍ക്കറും ഹെഗ്ഡെവാറും ഗോള്‍വാള്‍ക്കറും ചെയ്തത്. ആര്യവിശുദ്ധിയാണ് വര്‍ഗീയ ഫാസിസത്തിന്റെ അടിസ്ഥാനം. ഇതിനെ തൂത്തെറിയാന്‍ കഴിയാത്തത് തെറ്റായ പൊതുബോധ നിര്‍മിതി കാരണമാണ്. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയെ ഫ്രീസറില്‍ വെക്കുകയാണ് മതേതര രാഷ്ട്രീയകക്ഷികള്‍ ചെയ്തത്. ഇത് ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ മേധാവിത്വം ഉണ്ടാക്കാന്‍ ആര്.എസ്.എസിന് സഹായകമായെന്നും ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി.
അബൂബക്കര്‍ അരിമ്പ്ര, മാമദു പൊന്നാനി, കബീര്‍ കൊണ്ടോട്ടി, വി.പി മുസ്തഫ, റഷീദ്, അസീസ് പട്ടാമ്പി, മിര്‍സ ശരീഫ്, സലീന മുസാഫിര്‍, മുംതാസ് പാലൊളി, രാധാകൃഷ്ണന്, വാസു തിരൂര്‍, ഹിഫ്സു റഹ്മാന്, വീരാന്‍ കുട്ടി, നാസര്‍ വെളിയംകോട്, മുസാഫിര്‍, അശ്റഫ് വള്ളിക്കുന്ന് എന്നിവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ വെസ്റ്റേണ്‍ മേഖല പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. അശ്റഫ് കണ്ണൂര്‍ സ്വാഗതവും യൂസഫ് പരപ്പന്‍ നന്ദിയും പറഞ്ഞു.
![]()
