ജിദ്ദ: ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന് (ജെ.ടി.എ) വാര്‍ഷികാഘോഷം ‘തിരുവുത്സവം 2025’ ഫെബ്രുവരി 14 ന് വെള്ളിയാഴ്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജിദ്ദ തഹ്ലിയ സ്ട്രീറ്റിലുള്ള ലയാലി നൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറ് മണി മുതലാണ് പരിപാടികള്‍. നാട്ടില്‍ നിന്നും ഗായികമാരായ സജ്ല സലീം, സജ്ലി സലീം എന്നിവര്‍ അണിനിരക്കുന്ന ലൈവ് ഗാനസന്ധ്യയാണ് മുഖ്യപരിപാടി. ഇതോടൊപ്പം ജെ.ടി.എ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ നൃത്ത നൃത്ത്യങ്ങള്‍, കോറിയോഗ്രഫര്‍ ശ്രീത ടീച്ചര്‍ ചിട്ടപ്പെടുത്തിയ തിരുവിതാംകൂറിലെ പഴയകാല കലാ ഇനമായ കാക്കാരിശ്ശി നാടകം തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. സാമൂഹിക രംഗത്ത് മാതൃകാ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്നവരെ വേദിയില്‍ ആദരിക്കും.
തിരുവിതാംകൂര്‍ പ്രദേശങ്ങളായ തെക്ക് കന്യാകുമാരി മുതല്‍ വടക്ക് എറണാകുളം വരെയും കിഴക്ക് ഇടുക്കി വരെയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ജിദ്ദാ പ്രവാസികളാണ് ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷനില്‍ അംഗങ്ങള്‍. നിരവധി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളില്‍ ക്രിയാത്മകവും സജീവവുമായ ഇടപെടലുകള്‍ നടത്താന്‍ ജെ.ടി.എക്ക് കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു.
മറ്റു പ്രവസി സംഘടനകളുമായി സഹകരിച്ച് ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളോടൊപ്പം അംഗങ്ങളുടെ കലാസാംസ്കാരിക പരിപോഷണത്തിനാവശ്യമായ പരിപാടികളും സംഘടന നടത്തി വരുന്നു. ഭാവിയില്‍ കലാ, കായിക, സാംസ്കാരിക പരിപാടികള്‍, വ്യക്തിത്വ വികസനം, നൈപുണ്യ വികസനം തുടങ്ങിയവക്കാവശ്യമായ പരിശീലനങ്ങളും സംഘടിപ്പിക്കുവാന്‍ പദ്ധതിയുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ജെ.ടി.എ പ്രസിഡന്റ് അലി തേക്കുതോട്, ജനറല്‍ സെക്രട്ടറി അനില്‍ വിദ്യാധരന്, ട്രഷറര്‍ നൗഷാദ് പന്മന, പ്രോഗ്രാം കണ്‍വീനര്‍ ദിലീപ് താമരക്കുളം, പ്രോഗ്രാം ഡയറക്ടര്‍ ശിഹാബ് താമരക്കുളം, വൈസ് പ്രസിഡന്റ് മാജാ സാഹിബ് ഓച്ചിറ, ജോയിന്റ് കണ്‍വീനര്‍ റഷീദ് ഓയൂര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
![]()
