ദോഹ : കെ എം സി സി ഖത്തർ സീനിയർ വൈ പ്രസിഡന്റും പ്രമുഖ വ്യവസായിയും അലി ഇന്റർനേഷണല് ജനറൽ മാനേജറും നിരവധി ജീവകാരുണ്യ മത സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ നെടുംതൂണുമായ കെ മുഹമ്മദ് ഈസ ( 69) ദോഹയിൽ നിര്യാതനായി.
കഴിഞ്ഞ അരനൂറ്റാണ്ടുകാലമായി ഖത്തറിലെ മത സാമൂഹിക രാഷ്ട്രീയ കായിക മേഖലകളിൽ സജീവ സാന്നിധ്യമായ അദ്ദേഹം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായി ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.ഖബടക്കം ഇന്ന് രാത്രി 7 മണിക്ക് ദോഹ മിസൈമീർ പളളി ഖബർസ്ഥാനിൽ നടക്കും. വിയോഗത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി . കെഎംസിസി പ്രസ്ഥാനത്തിനും ജീവ കാരുണ്യ പ്രവർത്തനങ്ങളുടെയും നെടും തൂണായി പ്രവർത്തിച്ച അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ് .
ജീവ കാര്യണ്യ പ്രവർത്തനം ജീവ വായു പോലെയായിരുന്നു അദ്ദേഹത്തിന് മികച്ച സംഘാടകൻ നിസ്വാർത്ഥനായ പൊതുപ്രവർത്തകനുമായ അദ്ദേഹത്തിന്റെ വിയോഗം മുഴുവൻ സമൂഹത്തിനും കനത്ത നഷ്ടമാണ് കെഎംസിസി പ്രസ്ഥാനത്തിന് നികത്താനാവാത്ത വിടവാണ് വിയോഗം സൃഷ്ടിക്കുന്നത് എന്ന് അനുശോചന സന്ദേശത്തിൽ സംസ്ഥാന കമ്മിറ്റി പറഞ്ഞു . സംസ്ഥാന മുസ്ലിം ലീഗ് നേതാക്കൾ വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കളും അനുശോചിച്ചു . നിര്യാണത്തെ തുടർന്ന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു എല്ലാ ഘടകങ്ങളുടെയും സംഘടനാപരമായ മുഴുവൻ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു .
ഖത്തർ ഇന്ത്യൻ ഫുട്ബാൾ ഫോറം മുൻ പ്രസിഡണ്ടും നിലവിൽ ചീഫ് കോ ഓഡിനേറ്ററുമാണ് .തിരുവനന്തപുരം സിഎച്ച് സെന്റർ വൈസ് പ്രസിഡണ്ടും, പെരിന്തൽമണ്ണ സിഎച്ച് സെന്റർ ട്രഷറർ, ചൂലൂർ സിഎച്ച് സെന്റർ വൈസ് ചെയർമാൻ തുടങ്ങി നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം വഹിച്ചു വരികയായിരുന്നു.
ഭാര്യ : നസീമ, മക്കൾ : നൗഫൽ മുഹമ്മദ് ഈസ, നാദിർ ഈസ, നമീർ ഈസ, നജ്ല, മരുമക്കൾ : ആസാദ്. ഷഹനാസ് , ഫഹ്മി , ഫമിത
![]()
