സുലൈമാൻ വിഴിഞ്ഞം
മക്ക: ‘കിസ്വ’യുടെ കൈവേലയെ മറികടക്കാൻ യന്ത്രത്തിന് ആകില്ലെന്നു സാകി കസർ എന്ന എംബ്രോയിഡറി കലാകാരൻ. വിശുദ്ധ ഗേഹമായ മക്കയെ പുതച്ചിരുന്ന കിസ്വയുടെ നിർമാണത്തിൽ കഴിഞ്ഞ 39 വർഷമായി പണിയെടുക്കുന്ന വ്യക്തിയാണ് സാകി കസർ. മക്കയിലെ ‘മസ്സഅ ഉമ്മുൽ ഖുറാ’ എന്നും ‘മസ്സഅ കിസ്വത്തുൽ കഅബ’ എന്നും അറിയപ്പെടുന്ന കിസ്വ ഫാക്ടറിയിലെ തൊഴിലാളിയാണ് ഇദ്ദേഹം.
കൈ കൊണ്ട് ചെയ്യുന്ന അത്ര സന്തോഷം യന്ത്രം കൊണ്ട് ചെയ്താൽ കിട്ടില്ലെന്നും അതിന്റെ ഭവ്യതയും മഹത്വവും കൈകൊണ്ട് ചെയ്യുന്നവർക്ക് നിർമാണ സമയത്തു ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങളോളം എടുത്താണ് നിരവധി ആളുകളുടെ സഹായത്താൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്.

കഴിഞ്ഞ 39 വർഷമായി തനിക്ക് അതിനുള്ള ഭാഗ്യം ലഭിക്കുന്നതായും അതിനു സർവ്വ ശക്തനോട് നന്ദിയുള്ളവനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി സെന്റർ ഫോർ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ (സി.ജി.സി) പ്രസിദ്ധീകരിച്ച വീഡിയോയിൽ ആണ് സാകി കസർ മനസ്സ് തുറന്നത്.
39 വർഷങ്ങൾക്ക് മുൻപ് സൗദി അറേബിയയുടെ സൈന്യത്തിൽ ചേരാൻ തലസ്ഥാന നഗരമായ റിയാദിലേക്ക് പോയിരുനെന്നും ഭാഗ്യം കൊണ്ട് കിസ്വയുടെ നിർമാണ ഫാക്ടറിലാണ് ദൈവം തന്നെ നിയോഗിച്ചതെന്നു വിരമിക്കലിന്റെ വക്കിലെത്തിയ സാകി പറഞ്ഞു. കിസ്വയുടെ നിർമാണത്തിനായി ആദ്യമായി താൻ പട്ടിലേക്ക് താഴ്ത്തിറക്കിയ സൂചി തന്റെ ഹൃദയത്തെ മാറ്റിമറിച്ചതായും അത് നീണ്ട 39 വർഷത്തിൽ എത്തിനിൽക്കുന്നതായും ഇദ്ദേഹം പറഞ്ഞു.
ജോലിയിലെ ആത്മീയ ബന്ധം കാരണം ഈ ജോലിയിൽ ആത്മ നിർവൃതി ലഭിക്കുന്നതായി സാകി പറഞ്ഞു. തന്നോടൊപ്പം തുടക്കം മുതൽ പണിയെടുക്കുന്ന ഹംദാൻ എന്ന സുഹൃത്തിനെ ‘ആജീവനാന്ത’ സുഹൃത്തായി ഇദ്ദേഹം എടുത്തു പറയുന്നു. തന്റെ വിരലുകളിൽ കിസ്വയുടെ നിർമാണത്തിന് 39 കൊല്ലം പിടിച്ച സൂചിയുടെ അടയാളം ബാക്കിയാകുന്നതായും അതിന്റെ അഭിമാനത്തിലാണ് ഫാക്ടറിയിൽ നിന്ന് പടിയിറങ്ങുന്നതായും ഇദ്ദേഹം പറഞ്ഞു.
കിസ്വയുടെ നിർമാണം കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പല പ്രശസ്തരും എത്തുന്നതായും അവരുടെ പ്രശംസക്ക് പലപ്പോഴും താനും ഇവിടത്തെ തൊഴിലാളികളും കാരണമാകുന്നതായും സാകി പറയുന്നു.

ഓരോ വർഷവും 20 ദശലക്ഷം ചെലവിലാണ് കിസ്വയുടെ നിര്മ്മാണം നടക്കുക. 670 കിലോഗ്രാം ശുദ്ധമായ പട്ടിൽ കറുത്ത ചായം മുക്കിയാണ് ഈ പുടവ തയ്യാറാക്കുന്നത്. ശേഷം കിലോക്കണക്കിന് സ്വർണ്ണം, വെള്ളി എന്നിവയുടെ നൂലുകൾ കൊണ്ട് ദൈവ സൂക്തങ്ങളും ദിക്റുകളും അറബി കാലിഗ്രഫിയിൽ കൈവേലകൊണ്ട് ചെയ്തെടുക്കുകയാണ് രീതി. ഇങ്ങനെ നെയ്തെടുക്കുന്ന കിസ്വ വർഷത്തിൽ രണ്ടു തവണ കഅബയെ അണിയിക്കാറുണ്ട്.
![]()
