ബംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. എട്ട് വിക്കറ്റിനാണ് സന്ദര്‍ശകരായ ന്യൂസീലന്‍ഡിനോട് ഇന്ത്യ തോറ്റത്. ഇന്ത്യ മുന്നോട്ട് വെച്ച 107 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടക്കുകയായിരുന്നു. രചിന് രവീന്ദ്രയുടേയും (39) വില്‍ യങ്ങിന്റേയും (48) പ്രകടനമാണ് കിവീസിന് ആവേശ ജയം നല്‍കിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ന്യൂസീലന്‍ഡിന് സാധിച്ചു.
ആദ്യ ഇന്നിങ്സില്‍ 46 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായതാണ് തിരിച്ചടിയായത്. മറുപടിക്കിറങ്ങി 402 റണ്‍സ് നേടിയ കിവീസ് 356 റണ്‍സിന്റെ ലീഡും ആദ്യ ഇന്നിങ്സില്‍ നേടി. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 462 റണ്‍സടിച്ചെങ്കിലും പ്രതീക്ഷിച്ച വിജയലക്ഷ്യം ന്യൂസീലന്‍ഡിന് മുന്നില്‍ വെക്കാനായില്ല. ഇന്ത്യയുടെ മധ്യനിര നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്.
കെ എല്‍ രാഹുലില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ 12 റണ്‍സ് മാത്രം നേടി താരം മടക്കി. രണ്ട് ബൗണ്ടറി നേടിയെങ്കിലും വലിയ സ്കോറിലേക്കുയരാന്‍ രാഹുലിന് സാധിച്ചില്ല.
രവീന്ദ്ര ജഡേജ അഞ്ച് റണ്‍സില്‍ മടങ്ങിയപ്പോള്‍ ആര് അശ്വിന് 15 റണ്‍സെടുത്തും പുറത്തായി. ജസ്പ്രീത് ബുംറ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി.മുഹമ്മദ് സിറാജും ഡെക്കിന് മടങ്ങിയതോടെ ഇന്ത്യ 462 റണ്‍സില്‍ കൂടാരം കയറി. ന്യൂസീലന്‍ഡിനായി വില്യം ഒറൗര്‍ക്കിയും മാറ്റ് ഹെന്റിയും മൂന്ന് വിക്കറ്റുകള്‍ പങ്കിട്ടപ്പോള്‍ അജാസ് പട്ടേല്‍ രണ്ടും ഗ്ലെന്‍ ഫിലിപ്സും ടിം സൗത്തിയും ഓരോ വിക്കറ്റുകളും വീഴ്ത്തി.
107 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡിന് അക്കൗണ്ട് തുറക്കും മുമ്പ് നായകന് ടോം ലാദത്തെ നഷ്ടമായി. ജസ്പ്രീത് ബുംറ ലാദത്തെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വേയേയും (17) പുറത്താക്കി ബുംറ പ്രതീക്ഷ നല്‍കിയെങ്കിലും മറ്റ് ബൗളര്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിക്കാതെ പോയി.
![]()
