ആലപ്പുഴ :തിരക്ക് കണക്കിലെടുത്ത് അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓണം കഴിയുന്നത് വരെ നിര്‍ത്തിവെയ്ക്കണമെന്ന് കെ.സി.വേണുഗോപാല്‍ എം പി ആവശ്യപ്പെട്ടു.ഗതാഗതപ്രശ്നം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ വിളിച്ച യോഗത്തിനിടെ ഫോണിലൂടെയാണ് ഇക്കാര്യം ജില്ലാ കളക്ടറോട് കെ.സി.വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടത്. തുടര്‍ന്ന് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ജീവന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അപാകതകള്‍ അടിയന്തരമായി പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ ജില്ലാ കളക്ടക്ക് കത്തും നല്കി.
ദേശീയപാത നിർമാണത്തിലെ അപാകതകൾ കാരണം ദിനംപ്രതി അപകടങ്ങൾ ഉണ്ടാകുന്ന ഈ മേഖലയിൽ ഓണക്കാലം ആയതോടെ യാത്രക്ലേശം ഇരട്ടിയായി.
യാത്രക്കാരുടെ സുരക്ഷിതത്വം പരിഗണിക്കാതെയും പകരം യാത്ര സംവിധാനങ്ങള്‍ ഒരുക്കാതെയും അശാസ്ത്രീയമായ രീതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ജനജീവിതത്തിന് ഗുരുതരമായ ഭീഷണിയാണ്. അപകടങ്ങളില്‍ ഇതിനോടകം ഈ മേഖലയില്‍ വിലപ്പെട്ട പല ജീവനുകളും നഷ്ടമായി. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും അതിന് പരിഹാരം കാണുന്നതിന് ദേശീയപാത അധികൃതരും നിര്‍മ്മാണ ചുമതലയുള്ള കരാറുകാരും തയ്യാറായിട്ടില്ല. ദേശീയപാത അതോറിറ്റി അധികൃതരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ പ്രതിനിധികളുടെയും യോഗം ജൂണ്‍ മാസത്തിൽ ചേര്‍ന്നിരുന്നു. അന്ന് ദേശീപാതയിലെ കുഴികള്‍ അടച്ച് അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കുന്നതോടൊപ്പം ഇരുവശത്തേക്കും പകരം ഒറ്റവരി ഗതാഗത സംവിധാനം ക്രമീകരിക്കാമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവ ഇന്നേവരെ നടപ്പിലായില്ലെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
![]()
