ഓർമ്മക്കുറിപ്പുകളുമായി ചില്ല ‘എന്റെ വായന
റിയാദ്: ഓര്‍മ്മകള്‍, അനുഭവങ്ങള്‍, ജീവിതയാത്രകള്‍ തുടങ്ങിയവ പങ്കുവച്ചുകൊണ്ട് ആത്മരേഖ എന്ന പേരില്‍ സംഘടിപ്പിച്ച റിയാദ് ചില്ലയുടെ ജൂലൈ മാസത്തെ ‘എന്റെ വായന’ ശ്രദ്ധേയമായി. വ്യത്യസ്ത മേഖലയില്‍ നിന്നുള്ള അഞ്ചുപേരുടെ ഓര്‍മ്മക്കുറിപ്പുകളാണ് അവതരിപ്പിക്കപ്പെട്ടത്. മനസിനെയും ഭാവനെയും തൊട്ടുണര്‍ത്തി ബാല്യകാല സ്മരണകള്‍ അനുവാചകരില്‍ നിറച്ച അപൂര്‍വ സാഹിത്യസമാഹാരമായ മാധവിക്കുട്ടിയുടെ ‘നീര്‍മാതളം പൂത്തകാലത്തിന്റെ’ വായനാനുഭവം പങ്കുവച്ചുകൊണ്ട് സീബ കൂവോട് വായനക്ക് തുടക്കം കുറിച്ചു. പ്രിയ കഥാകാരിയുടെ സുഗന്ധവാഹികളായ ഗ്രാമസ്മൃതികളും ആമിയുടെ ബാല്യകാലസ്മരണകളും സീബ സദസുമായി പങ്കുവച്ചു.
കേരളത്തിലെ നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ നായികയായിരുന്ന കെ. അജിതയുടെ ജീവിതരേഖയായ ‘ഓര്‍മ്മക്കുറിപ്പുകള്‍ ‘എന്ന കൃതി വിപിന്‍ കുമാര്‍ അവതരിപ്പിച്ചു. ആദ്യകാല വിപ്ലവ പ്രവര്‍ത്തകരായിരുന്ന കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനിയുടെയും ഏക മകളായി പിറന്ന കേരളത്തില്‍ വിപ്ലവത്തിന്റെ ഇടിമുഴക്കങ്ങള്‍ ഉയര്‍ത്തിയ അജിതയുടെ സമരതീഷ്ണമായ നാളുകള്‍ പങ്കുവയ്ക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ എകാലത്തും വായിക്കപ്പെടേണ്ടതാണെന്ന് വിപിന്‍ ഓര്‍മ്മിപ്പിച്ചു.
ചലച്ചിത്രനടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ ‘മാട്ട്’ എന്ന കൃതിയുടെ വായന പ്രിയ വിനോദ് പങ്കുവച്ചു. സ്വന്തം സ്മരണകളും കഥകളും കവിതയും അടങ്ങിയ കൃതിയിലെ ഗ്രാമ്യകഥകളും മിത്തും പ്രിയ സദസിനുമുന്നില്‍ വിശദീകരിച്ചു. കവിയും അധ്യാപകനുമായ ഷാജു വി.വി എഴുതിയ ‘സാനിയമിര്‍സ എന്ന പൂച്ചയുടെ ദുരൂഹ മരണം’ എന്ന കൃതിയുടെ വായനുഭവമാണ് ഷെബി അബ്ദുള്‍ സലാം പങ്കുവച്ചത്. ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും അനുഭവങ്ങള്‍ അയവിറക്കുന്ന കോവിഡ് കാലത്തിലെ ജീവിതാനുഭവങ്ങള്‍, മനുഷ്യാവസ്ഥകള്‍ തുടങ്ങി ഈ കൃതി പരിചയപ്പെടുത്തുന്ന മാനസിക തലങ്ങള്‍ ഷെബിയുടെ വായനനുഭവത്തിലൂടെ കടന്നുവന്നു. ലോക മാകെ ചര്‍ച്ച ചെയ്ത ‘ഞാന്‍ നുജൂദ്. വയസ്സ് 10 വിവാഹമോചിത’ എന്ന കൃതിയിലൂടെ നാമറിഞ്ഞ വേദന വി.കെ ഷഹീബ പങ്കുവെച്ചു. യമനിലെ ഗ്രാമത്തില്‍ നിന്നും ശൈശവ വിവാഹത്തിന്റെ മുറിവുകള്‍ ലോകത്തോട് വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച നുജൂദ് എന്ന ബാലികയുടെ സമാനതകള്‍ ഇല്ലാത്ത പോരാട്ടത്തിന്റെ തീഷ്ണമായ അനുഭവങ്ങള്‍ ഷഹീബ വിവരിച്ചു.
വായനക്ക് ശേഷം നടന്ന ചര്‍ച്ചയില്‍ കെ.പി.എം സാദിഖ്, സെബിന് ഇക്ബാല്‍, റസൂല്‍ സലാം, നിഖില സമീര്‍, അബ്ദുല്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു. നാസര്‍ കാരക്കുന്ന് ചര്‍ച്ചകള്‍ ഉപസംഹരിച്ചു. സുരേഷ് ലാല്‍ മോഡറേറ്റര്‍ ആയിരുന്നു.
![]()
