ദമാം: അന്തരിച്ച സിപിഎം പോളിറ്റ് ബ്യുറോ അംഗവും സംസ്ഥാന സെക്രട്ടറിയും കേരള സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് സ്മരണാര്‍ത്ഥം ദമാം നവോദയ നല്‍കിവരുന്ന ഈ വര്‍ഷത്തെ രണ്ടാമത് സമഗ്രസംഭാവന അവാര്‍ഡ് പാലോളി മുഹമ്മദ്കുട്ടിക്ക് നല്‍കും. സമഗ്ര സംഭാവന അവാര്‍ഡിനായി ഈ വര്‍ഷം പരിഗണിക്കുന്നത് തദ്ദേശ സ്വയംഭരണ രംഗമാണ്. അതോടൊപ്പം ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്നു കുടുംബശ്രീ സിഡിഎസുകള്‍ക്കും പുരസ്കാരം നല്കുവാന് തീരുമാനിച്ചു. അതിനായി കുറുമാത്തൂര്‍, കിനാളൂര് കരിന്തലം, പൊന്നാനി 1 എന്നീ സിഡിഎസുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
അവാര്‍ഡ് ആഗസ്റ്റ് 4 ന് പൊന്നാനി എവി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാഷ് ഉദ്ഘാടനം ചെയ്ത് വിതരണം ചെയ്യും. പരിപാടിയിലേക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ വാര്‍്ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരള രാഷ്ട്രീയത്തില്‍ പാലോളി എന്ന മൂന്നക്ഷരത്തില്‍ അറിയപ്പെടുന്ന പാലോളി മുഹമ്മദ്കുട്ടി ലോകശ്രദ്ധനേടിയ കേരള മോഡല്‍ എന്നറിയപ്പെടുന്ന വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഭരണാധികാരിയാണ്. 1931 നവംബര്‍ 11-നു മലപ്പുറത്തിനടുത്ത് കോഡൂരിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ചു. 1965-ല്‍ മങ്കടയില്‍നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967-ല്‍ പെരിന്തല്‍മണ്ണയില്‍നിന്നും 1996-2006 വര്‍ഷങ്ങളില്‍ പൊന്നാനിയില്‍നിന്നും നിയമസഭയിലെത്തി. 1996-2001 ഇകെ നായനാര്‍ മന്ത്രിസഭയിലും 2006-2011 വിഎസ് മന്ത്രിസഭയിലും അംഗമായിരുന്നു. രണ്ടുതവണയും തദ്ദേശ സ്വയംഭരണ വകുപ്പായിരുന്നു പ്രധാന ചുമതല.
ഭൂപരിഷ്കരണത്തിനു ശേഷം കേരളം കണ്ട ഏറ്റവും വിപ്ലവകരമായ കുതിപ്പായിരുന്നു അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരവും പണവും ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും അടക്കമുള്ള സംവിധാനവും നല്കി പ്രാദേശിക സര്‍ക്കാരുകളാക്കി ശക്തിപ്പെടുത്തിയത് വിപ്ലവകരമായ മാറ്റമാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും ഒത്തു ചേര്‍ന്നുള്ള ആസൂത്രണ പ്രക്രിയ ലോകത്ത് തന്നെ നൂതനമായിരുന്നു. അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ശക്തിപ്പെടുത്തുന്നതിന് ചുക്കാന്‍ പിടിച്ചതിനോപ്പം അധികാരങ്ങള്‍ കൈമാറുമ്പോള്‍ ഒരു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എങ്ങനെ പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്യണമെന്നതും ലോകത്തിനു കാട്ടിക്കൊടുത്തത് പാലോളി ആയിരുന്നു. കേരളത്തിന്റെ കുടുംബശ്രീ കാല്‍നൂറ്റാണ്ടു പിന്നിടുകയാണ്. അതിന് തുടക്കമിട്ട ഇകെ നായനാര്‍ സര്‍ക്കാരില്‍ പാലോളിയായിരുന്നു തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി.
പഞ്ചായത്തീരാജ് നിയമമനുസരിച്ച് 33 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ അത് 50 ശതമാനമാക്കിയതിന് അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി പാലോളി നേതൃത്വം നല്കി. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച ‘പാലോളി കമീഷന്’ കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന്റെ മുന്നേറ്റത്തില്‍ സുപ്രധാന അധ്യായമാണ്.
![]()
