അബുദാബി : ബലിപെരുന്നാളിന് മൃഗങ്ങളെ അറുത്ത് മാംസം തയ്യാറാക്കുന്നതിന് രാജ്യത്തെ അംഗീകൃത അറവുശാലകള്‍ തന്നെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്ന് അബുദാബിസിറ്റി മുനിസിപ്പാലിറ്റി സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ അബുദാബി നിവാസികളോട് അഭ്യര്‍ത്ഥിച്ചു.ബലി മൃഗങ്ങളെ അറുക്കാന്‍ എത്തുന്നവരുടെ തിരക്ക് പരിഗണിച്ച് യുഎഇയിലെ അറവുശാലകള്‍ ഒരുങ്ങിക്കഴിഞ്ഞതായും നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി നിയുക്ത അറവുശാലകളില്‍ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.
ഔദ്യോഗിക അംഗീകാരമില്ലാത്ത കശാപ്പുശാലകളെയും വ്യക്തികഗത അറവുകാരെയും ഇതിനായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. രാജ്യത്തെ അറവുശാലകള്‍ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചിരിക്കുന്നവയാണ്. ആചാരപരമായി ബലി അറുക്കുന്നതിന് സുരക്ഷിതവും ശുചിത്വവുമുള്ള അന്തരീക്ഷം ഇവിടങ്ങളില്‍ ലഭ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി.അബുദാബിയിലെ അറവുശാലകള്‍ ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ ആറു മണി മുതല്‍ വൈകുന്നേരം 5.30 വരെ പ്രവര്‍ത്തിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു.
![]()
