ദോഹ : അനാഥർക്കൊരു ലോകമൊരുക്കാൻ ഇരുപത്തിയേഴാം രാവ് ചലഞ്ചുമായി ഖത്തർ ചാരിറ്റി.അനാഥർക്കുവേണ്ടി ലോകത്തെ ഏറ്റവും വലിയ മൾട്ടി സർവിസ് സിറ്റി നിർമാണമാണ് ഖത്തർ ചാരിറ്റിയുടെ ലക്ഷ്യം.
വ്യാഴം, വെള്ളി ദിവസങ്ങളിലായി തുടരുന്ന ധനശേഖരണ പരിപാടിയിൽ സമൂഹ മാധ്യമ താരങ്ങളായ അബ്ദുല്ല അൽ ഗഫ്റി, ഡോ. അബ്ദുറഹ്മാൻ അൽ ഹറമി, മുഹമ്മദ് അദ്നാൻ എന്നിവരാണ് നേതൃത്വം നൽകുന്നത്. ‘എൻഡ്ലസ് ഗിവിങ്’ എന്ന ഖത്തർ ചാരിറ്റിയുടെ റമദാൻ ക്യാമ്പയിനായി പ്രചാരണത്തിന്റെ തുടർച്ചയായാണ് റമദാനിലെ ഏറ്റവും വിശുദ്ധമായ അവസാന പത്തിലെ ദിനങ്ങളിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. അഞ്ച് കോടി റിയാൽ ഈ ദിവസങ്ങളിലായി ശേഖരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അനാഥത്വം അനുഭവിക്കുന്ന കുരുന്നുകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, താമസം, ജീവിതം എന്നിവ ഉറപ്പാക്കണമെന്ന ലക്ഷ്യം വെച്ചാണ് ബഹുമുഖ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഓർഫൻ സിറ്റി ഒരുങ്ങുന്നത്. തുർക്കിയയിലെ ഇസ്തംബൂളിലാണ് ഖത്തർ ചാരിറ്റി നേതൃത്വത്തിലുള്ള ഈ പദ്ധതി സാക്ഷാത്കരിക്കുന്നത്.
![]()
